തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിലൂടെ നടപ്പുസാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 201.93 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വില വര്‍ധനവിലൂടെ പെട്രോളില്‍നിന്ന് 110.59 കോടി രൂപയും ഡീസലില്‍നിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി  ലഭിച്ചത്. എന്നാല്‍ കോവിഡ് കാരണം നികുതി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ, വ്യാഴാഴ്ചയും രാജ്യത്തെ ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.59 രൂപയായി. ഡീസലിന്റെ വില 104.30 രൂപയാണ്. കൊച്ചിയില്‍ 108.55 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 102.40 രൂപയും. 

രാജസ്ഥാനിലെ ഗംഗാനഗറില്‍ ഒരു ലിറ്റര്‍ പെട്രോളിന് 120.49 രൂപയാണ് വില. ഡീസലിന്റെ വില 111.40 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന്റെ വിലയില്‍ 8.49 രൂപയുടെ വര്‍ധനവാണുണ്ടായത്. പെട്രോളിന് 6.75 രൂപയും കൂടി. 

Content Highlights: kerala got 201.93 crores through petrol diesel price hike