കൊച്ചി: അദാനിയിൽനിന്നു കേരളം കാറ്റാടി വൈദ്യുതി വാങ്ങാനൊരുങ്ങുന്നു. ഗുജറാത്തിലെ കച്ചിലുള്ള കാറ്റാടിപ്പാടത്ത് ഉത്പാദിപ്പിക്കുന്നതിൽ 75 മെഗാവാട്ടാണ് 25 വർഷത്തേക്ക് വൈദ്യുതിബോർഡ് വാങ്ങുക. അദാനി ഗ്രീൻ എനർജിയുമായുള്ള കരാർ ഉടൻ ഒപ്പിട്ടേക്കും. കച്ചിലെ 250 മെഗാവാട്ട് കാറ്റാടിപ്പാടം നിശ്ചയിച്ചതിലും നേരത്തേ കമ്മിഷൻ ചെയ്യാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

ഓരോ സംസ്ഥാനവും നിശ്ചിതശതമാനം പാരമ്പര്യേതര ഊർജം ഉപയോഗിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിഷ്കർഷയുണ്ട്. ഇത് നിറവേറ്റാൻ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (സെക്കി) വൈദ്യുതി ബോർഡ് 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി വാങ്ങാൻ 2019 ജൂൺ 14-ന് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ കാറ്റാടിപ്പാടങ്ങളിൽനിന്നുള്ള വൈദ്യുതിയാണ് സെക്കിയുടെ മധ്യസ്ഥതയിൽ വിൽക്കാറുള്ളത്.

സെക്കിയുടെ നിർദേശപ്രകാരം കേരളത്തിന്റെ 200 മെഗാവാട്ടിൽ 75 മെഗാവാട്ട് അദാനിഗ്രൂപ്പിന്റെ അദാനി വിൻഡ് എനർജി കച്ച് ത്രീ ലിമിറ്റഡിൽനിന്നു വാങ്ങണം. യൂണിറ്റിന് 2.83 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുക. ഈ നിരക്കിൽ കാറ്റാടി വൈദ്യുതി വാങ്ങുമ്പോൾ 25 വർഷത്തേക്ക് മൂവായിരം കോടി രൂപ ചെലവ് വരുമെന്നാണു കണക്കാക്കുന്നത്. വൈദ്യുതിലൈനുകളിലൂടെ കാറ്റാടി വൈദ്യുതി എത്തിക്കാൻ കേരളത്തിന് പ്രത്യേക ചെലവ് വരില്ല. പാരമ്പര്യേതര വൈദ്യുതിക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതു മൂലമാണിത്.

 

Content Highlights: Kerala going to buy Wind Power Energy From Adani