കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ ബുധനാഴ്ച ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഏഴുമൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇതോടെ കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. 

ബുധനാഴ്ച പ്രദേശത്ത് മഴ ശക്തമായത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ കവളപ്പാറയില്‍നിന്ന് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. 

വന്‍ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കായുള്ള തിരച്ചില്‍ ബുധനാഴ്ചയും തുടരുകയാണ്. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചില്‍ രണ്ടുദിവസമായി തുടരുകയാണെങ്കിലും ഏഴുപേരെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. 

Content Highlights: kerala floods 2019; seven more bodies found from kavalappara nilambur, total death toll 104