കോഴിക്കോട്: കേരളത്തിലെ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും കേടുപാട് സംഭവിച്ചവരും പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനായി ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനെയോ, കൊച്ചി പനമ്പള്ളി നഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനെയോ സമീപിക്കണം. ഇവര്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസായ 1500 രൂപയും പിഴയായ 1500 രൂപയും അടയ്ക്കേണ്ടതില്ല. അതേസമയം, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ തെളിവായി പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കണം. പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാട് സംഭവിച്ചവര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമില്ല. 

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാട് സംഭവിച്ചവര്‍ക്കും അപേക്ഷ ലഭിക്കുന്ന ദിവസംതന്നെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് എന്തെങ്കിലും സംശയങ്ങളും അന്വേഷണങ്ങളും ഉണ്ടെങ്കില്‍ 9447731152 എന്ന നമ്പറില്‍ വാട്‌സാപ്പിലൂടെ ബന്ധപ്പെടാം. 

Content Highlights: kerala floods 2018; government decided to waive off fees to re-issue of passports