കോഴിക്കോട്: പ്രളയത്തിന് ശേഷം കടുത്ത വേനലെന്ന സൂചന നല്കി പുഴകളും അരുവികളും വറ്റിവരളുന്നു. അപ്രതീക്ഷിത മാറ്റത്തിന്റെ കാരണമറിയാന്‍ സി.ഡബ്ലു.ആര്.ഡി.എമ്മിന്റെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് സിഡബ്ലുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പില്‍ സയന്റിസ്റ്റ് ഡോ.ദിനേശ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
44 പുഴകളില്‍ വിശദമായ പരിശോധന നടത്താനാണ് നീക്കം. പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് ജില്ലയിലെ പൂനൂര് പുഴ, ചാലിയാര്‍ പുഴ എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം സംഘമെത്തിയിരുന്നു.
മഴ പെട്ടെന്ന് കുറഞ്ഞതും ശക്തമായ പ്രളയത്തില്‍ പുഴകളിലെ തടസങ്ങള്‍ നീങ്ങിയതും മൂലം വെള്ളം പെട്ടെന്ന് ഒഴുകിപ്പോയതാണ് വരള്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ് മഴവെള്ളം ഒഴുകി കടലിലെത്താനുള്ള പരമാവധി സമയം. പിന്നെ പുഴയിലുണ്ടാവേണ്ടത് ഭൂഗര്‍ഭ ജലമാണ്. ഇതില്‍ കുറവ് വന്നതാവാം പുഴകളിലെ വെള്ളം പെട്ടെന്ന് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഴവെള്ളം പുഴകളില്‍ നിലനിര്‍ത്തേണ്ട മണല്‍തിട്ടകളും മറ്റും ശക്തമായ പ്രളയത്തില്‍ ഒഴുകിപ്പോയതും വരള്‍ച്ചയ്ക്ക് കാരണമായേക്കാം. ഇക്കാര്യത്തിലാണ് പരിശോധന നടത്തേണ്ടത്. വെള്ളപ്പൊക്കത്തിന് ശേഷം ജലനിരപ്പ് താഴുന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും ഇത്തവണത്തേത് പുതിയ പ്രതിഭാസമാണ്.
പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിയാര്‍, കബനി നദിയിലടക്കം ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയിലാണ് താഴ്ന്നത്. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭീതിവേണ്ടെന്നും ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും സിഡബ്ലുആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..