ഉരുൾപൊട്ടലിൽ മരണമടഞ്ഞ ഒട്ടലാങ്കൽ മാർട്ടിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കല്ലറയിലേക്ക് എടുക്കുന്നതിനു മുൻപ് പൊട്ടിക്കരയുന്ന സിനി മാർട്ടിന്റെ അച്ഛൻ സേവ്യർ, അമ്മ ബേബി, സഹോദരങ്ങളായ സനേഷ്, സജീഷ് എന്നിവർ
കൂട്ടിക്കല്‍ (കോട്ടയം): വീണ്ടും കാണാമെന്ന് പറഞ്ഞാണ് അവര്‍ പാലക്കാട് കാഞ്ഞിരപ്പുഴയിലെ വീട്ടില്‍വന്ന് മടങ്ങിയത്. നാലുമാസം മുമ്പായിരുന്നു കൂട്ടിക്കല്‍ ഒട്ടലാങ്കല്‍ മാര്‍ട്ടിനും ഭാര്യ സിനിയും മക്കളും സിനിയുടെ കുടുംബവീട്ടില്‍ എത്തിയത്. സിനിയുടെ മാതാപിതാക്കളായ ബേബിക്കും സേവ്യറിനും ആ സന്ദര്‍ശനം ഹൃദ്യമായ ഓര്‍മയായിരുന്നു. മകളും മരുമകനും കൊച്ചുമക്കളുമായി ഒരു കൂട്ടായ്മ. അന്നത്തെ സന്ദര്‍ശനം അവസാനത്തെ കൂടിക്കാഴ്ചയുമായി. ഇനി കൂട്ടിക്കലെ പ്രിയപ്പെട്ടവര്‍ ഒപ്പമില്ലെന്ന തിരിച്ചറിവിലേക്ക് ഇവരെത്താന്‍ വലിയ പ്രയാസവും.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ മകളും മരുമകനും ഉടന്‍ അവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഫോണ്‍സന്ദേശം എത്തുമ്പോള്‍ അച്ഛനമ്മമാരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു തങ്ങളെന്ന് ബന്ധുവായ വര്‍ഗീസ് പറയുന്നു. സിനിയുടെ അമ്മ ബേബിയുടെ സഹോദരനാണ് വര്‍ഗീസ്. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ വര്‍ഗീസും മറ്റൊരു ബന്ധുവായ ഐഫിയും കൂട്ടിക്കലേക്ക് തിരിക്കുകയായിരുന്നു. എത്ര മറച്ചുവെച്ചിട്ടും ടെലിവിഷനില്‍ കണ്ട് ബേബിയും സേവ്യറും മക്കളുടെ ദുരന്തം അറിഞ്ഞിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് മാര്‍ട്ടിനും കുടുംബവും കൂട്ടിക്കലെ കുടുംബവീട്ടിലേക്ക് സ്ഥിരതാമസം തുടങ്ങിയത്. മാര്‍ട്ടിന്റെ അച്ഛന്‍ മരിച്ച് അമ്മ ക്ലാരമ്മ തന്നെയായതിനാലാണ് ഇവിടേക്ക് താമസം മാറ്റിയത്. അതിന് മുമ്പ് മലപ്പുറത്ത് ടാപ്പിങ് ജോലി ചെയ്കിരുന്ന മാര്‍ട്ടിന്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കള്‍ക്കെല്ലാം ഓര്‍ക്കാനുള്ളത് കഠിനാധ്വാനിയായ മാര്‍ട്ടിന്റെ ജീവിതമാണ്. പലയിടങ്ങളില്‍ ടാപ്പിങ് ജോലിചെയ്തു. ചിലയിടത്ത് ടാപ്പിങ്ങിനൊപ്പം തോട്ടം സൂക്ഷിപ്പ് ജോലിയും നിര്‍വ്വഹിച്ചു. വിശ്വസ്തമായി ആ ജോലികള്‍ ചെയ്ത് ഉടമകള്‍ക്ക് വലിയ മതിപ്പുണ്ടാക്കിയിരുന്നു. കൂട്ടിക്കല്‍ വന്നും ടാപ്പിങ് ജോലി ചെയ്തു.
അതിനിടെയാണ് അര്‍ബുദം വന്നത്. അതോടെ ജോലി വിട്ട് ആടുവളര്‍ത്തലാക്കി ജീവിതമാര്‍ഗം. രോഗം വകവെക്കാതെ അധ്വാനം തുടര്‍ന്നിരുന്ന മരുമകനെക്കുറിച്ച് സിനിയുടെ മാതാപിതാക്കള്‍ക്കും വലിയ ആദരവായിരുന്നു. മക്കളെ മൂവരെയും നല്ല നിലയില്‍ എത്തിക്കാനുള്ള ആ ശ്രമത്തിനിടെയാണ് ഉരുള്‍ ദുരന്തമായി ആ കുടുംബത്തിന് മീതെ പതിച്ചത്. എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി കുടുംബം ഒന്നായി മടങ്ങിപ്പോകുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..