കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേരളത്തിനുണ്ടാകും. മികച്ച രീതിയിലാണ് സംസ്ഥാനം സാഹചര്യത്തെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി എളന്തിക്കരയിലെ ദുരിതാശ്വാസക്യാമ്പിലുള്ളവരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

പ്രളയബാധിതര്‍ക്കായി എല്ലാ വിധ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഇടുക്കി,എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദുരിതബാധിതര്‍ക്കൊപ്പം സംസ്ഥാനസര്‍ക്കാര്‍ എപ്പോഴുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയത്തിലുണ്ടായതുപോലെ സര്‍ക്കാര്‍ സഹായം വെള്ളമിറങ്ങിയ ശേഷവും ഉണ്ടാകുമെന്നും എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഉച്ചയ്ക്ക് 12.50നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഇടുക്കി ഡാം, ചെറുതോണിയുടെ പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. അതിനുശേഷമാണ് അദ്ദേഹം റോഡ്മാര്‍ഗം പറവൂര്‍ താലൂക്കിലെ എളന്തിക്കരയിലുള്ള ദുരിതാശ്വാസക്യാമ്പിലെത്തിയത്.

content highlights: Kerala flood, minister Rajnath sing visited flood affected areas