മൂവാറ്റുപുഴ: തെക്കന്‍ ജില്ലകളില്‍ തകര്‍ത്തു പെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 23 ആയി.

ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെ നിന്ന് കണ്ടാത്താനുള്ളത്. ഇവിടെ കാണാതായവരില്‍ അഞ്ചുപേരും കുട്ടികളാണ്. 

ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് തുടരുന്ന മഴയാണ് രക്ഷാ പ്രവര്‍ത്തനം തടസപ്പെടുത്തിയത്. 

kokkayar
കൊക്കയാറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഷഹീർ സി.എച്ച്‌/ മാതൃഭൂമി

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മൂന്ന് പേരുടെ മൃതദേഹവും ഇന്ന് ഏഴുപേരുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. മാര്‍ട്ടിന്‍ (48), മാര്‍ട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ, മക്കളായ സാന്ദ്ര (14), സോന (12), സ്‌നേഹ (10) എന്നിങ്ങനെ ഒരു കുടുംബത്തിലെ ആറു പേരടക്കമാണ് 10 പേര്‍ മരിച്ചത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.

കോട്ടയം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനില്‍ക്കുന്ന പ്രദേശമാണിവ. ഇന്ന് പകല്‍ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. മണ്ണില്‍ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

Content Highlights: kerala flood 2021- Death toll rises, Three more bodies recovered from kokkayar