കവളപ്പാറ (മലപ്പുറം): 'ഇപ്പോഴും സങ്കടമുണ്ട്. പക്ഷേ, ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ... ഞാന്‍ പണിയെടുത്ത് ജീവിക്കും. വിനയ് ചന്ദ്രനെ നല്ലോണം വളര്‍ത്തും' -കവളപ്പാറ ഉരുള്‍പൊട്ടലില്‍ 14 ബന്ധുക്കളെ നഷ്ടമായ വാളലത്ത് സൗമ്യയുടെ വാക്കുകളില്‍ ഇടര്‍ച്ചയില്ല.

മുത്തപ്പന്‍കുന്ന് ഉറ്റവരെ തട്ടിയെടുത്തെങ്കിലും ഈ ഇരുപത്തിയെട്ടുകാരി പതറുന്നില്ല. ആ വാക്കുകളില്‍ സങ്കടക്കടല്‍ നീന്തിക്കയറാനുള്ള മനക്കരുത്തുണ്ട്. അതിജീവിക്കണമെന്ന തീവ്രമായ ആഗ്രഹവും.

ഈമാസം എട്ടിനുണ്ടായ ദുരന്തമാണ് സൗമ്യയുടെ ജീവിതം കീഴ്മേല്‍മറിച്ചത്. നഷ്ടങ്ങളുടെ വ്യാപ്തി അവള്‍ തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കുശേഷം. അരിവാള്‍രോഗമുള്ള മകന്‍ വിനയചന്ദ്രന്റെ ചികിത്സയ്ക്കായി നിലമ്പൂര്‍ ആശുപത്രിയിലായിരുന്നു സൗമ്യ.

ഭര്‍ത്താവ് വിജേഷ് (36), മകള്‍ വിഷ്ണുപ്രിയ (8), ഭര്‍ത്തൃമാതാവ് കല്യാണി (48), അവരുടെ അമ്മ ചക്കി (70), ഭര്‍ത്താവിന്റെ സഹോദരങ്ങളായ സന്തോഷ് (28), ശ്രീലക്ഷ്മി (14), വിജയലക്ഷ്മി (20), സുനിത (17), ഭര്‍ത്തൃപിതാവിന്റെ സഹോദരി നീലി (59), നീലിയുടെ ഭര്‍ത്താവ് ഇമ്പിപ്പാലന്‍ (70), മകന്‍ സുബ്രഹ്മണ്യന്‍ (36), സുബ്രഹ്മണ്യന്റെ ഭാര്യ സുധ (28) എന്നിവരാണ് മണ്ണിലകപ്പെട്ടത്.

ഉരുള്‍പൊട്ടിയതിന്റെ സമീപമുള്ള മൂന്ന് വീടുകളിലായിരുന്നു ഇവരുടെ താമസം. ഇവര്‍ക്കുപുറമെ നീലിയുടെ വീട്ടില്‍ വിരുന്നെത്തിയ ബന്ധുക്കളായ ചന്ദ്രിക(35)യും മകള്‍ സ്വാതി(14)യും മരിച്ചു.

ഇതില്‍ നാലുപേരെ (വിജയലക്ഷ്മി, സുനിത, സുബ്രഹ്മണ്യന്‍, ഇമ്പിപ്പാലന്‍) 19 ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭര്‍ത്താവും മകളുമടക്കം 10 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആരേയും അവസാനമായൊരു നോക്ക് കാണാന്‍പോലും സൗമ്യക്ക് കഴിഞ്ഞില്ല. അപൂര്‍ണമായിരുന്നു ആ ശരീരങ്ങള്‍.

ദുരന്തമുണ്ടായി രണ്ടുമൂന്ന് ദിവസങ്ങള്‍ക്കകം മകനോടൊപ്പം കവളപ്പാറയില്‍ തിരിച്ചെത്തിയിരുന്നു. 'വല്ലാത്തൊരു മരവിപ്പായിരുന്നു അന്നൊക്കെ. ദുരന്തമുണ്ടായ സ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.' -സൗമ്യ പറയുന്നു. തിരുവനന്തപുരത്ത് ജോലിസ്ഥലത്തായിരുന്ന ഭര്‍ത്താവിന്റെ സഹോദന്‍ സുനീഷും രക്ഷപ്പെട്ടു.

ഇപ്പോള്‍ ഭൂദാനം സെന്റ്ജോര്‍ജ് കത്തോലിക്ക ദേവാലയത്തിലെ ദുരിതാശ്വാസക്യാമ്പിലാണ് മൂവരും. ഞെട്ടിക്കുളം എ.യു.പി. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് വിനയ്. സൗമ്യയുടെ പനങ്കയത്തെ തറവാട്ടുവീടും വെള്ളംകയറി നശിച്ചു. മാതാപിതാക്കളും രണ്ട് അനിയത്തിമാരും പോത്തുകല്ലിലെ ക്യാമ്പിലാണ്.

ഈഗേറ്റ് കമ്പനി ചന്തക്കുന്നിലെ പി.വി.സി. നിര്‍മാണ യൂണിറ്റില്‍ സൗമ്യക്ക് ജോലിനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 'ജോലിക്ക് പോണം. ക്യാമ്പില്‍ നിന്നിറങ്ങിയാല്‍ എങ്ങോട്ടുപോകും?' -താമസിക്കാന്‍ കെട്ടുറപ്പുള്ള ഒരിടം; അതാണിനി സൗമ്യ ആഗ്രഹിക്കുന്നത്.

content highlights: Kerala Flood 2019, kavalappara landslide