കൊച്ചി: 2018-ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം അത് നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. 

കഴിഞ്ഞവര്‍ഷത്തെ പ്രളയബാധിതര്‍ക്ക് ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സുപ്രധാന നിര്‍ദേശം നല്‍കിയത്. എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. 

അപ്പീല്‍ അനുവദിച്ചിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2018-ലെ പ്രളയത്തിന് പിന്നാലെ ഈ വര്‍ഷവും പ്രളയമുണ്ടായതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടായെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഒന്നരമാസം സമയം അനുവദിക്കുകയും ചെയ്തു. 

Content Highlights: Kerala flood 2018; highcourt says government should be give compensation with in one month