പ്രതീകാത്മക ചിത്രം| ഫയൽ ഫോട്ടോ: പി.ടി.ഐ
കടമെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. നിലവില്‍ തന്നെ അപ്രഖ്യാപിത ട്രഷറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. 25 ലക്ഷം രൂപ മുതലുള്ള തുകയുടെ ബില്ലുകള്‍ മാറുന്നതിന് ട്രഷറിയില്‍ നിയന്ത്രണമുണ്ട്. സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും കടമെടുക്കാനുള്ള കേന്ദ്രാനുമതി കിട്ടാത്തതാണ് കേരളത്തെ വലയ്ക്കുന്നത്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ സാധിക്കാതെ കൈമലര്‍ത്തുന്നതിന് പിന്നില്‍ ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിവരം.
അതേസമയം, പിടിച്ചുനില്‍ക്കാന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. സാമ്പത്തിക വര്‍ഷം തുടങ്ങി രണ്ടുമാസമായിട്ടും വായ്പയ്ക്ക് അനുമതി കിട്ടാത്തത് ഗൗരവുള്ള കാര്യമാണ്. വായ്പാ അനുമതി ലഭിക്കാതെ ഇരുന്നാല്‍ ചിലവഴിക്കലില്‍ കടുത്ത നിയന്ത്രണമുണ്ടാകേണ്ടി വരും.
4,000 കോടിയെടുക്കാന്‍ അനുമതി ചോദിച്ച് കേരളം, പഴയ കടത്തിന്റെ കണക്കെവിടെയെന്ന് കേന്ദ്രം
കടപ്പത്രങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമെടുക്കാനുള്ള അനുമതി മിക്കപ്പോഴും സാമ്പത്തിക വര്‍ഷം ആദ്യം തന്നെ കേന്ദ്രം നല്‍കാറുള്ളതാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുമതി തരാത്തതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളാണ് ഉള്ളത്. ഈ വര്‍ഷം 32,425 കോടിയോളം കേരളത്തിന് വിപണിയില്‍ നിന്ന് കടമെടുക്കാന്‍ സാധിക്കും. ഈ മാസത്തേക്ക് 4,000 കോടിയാണ് കേരളം കടമെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേന്ദ്ര അനുമതി ലഭിക്കാത്തതോടെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സിയിലെന്ന പോലെ കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിലും ഇത് പ്രതിഫലിക്കുമെന്നതാണ് പ്രധാനമായും സര്‍ക്കാരിനെ വലട്ടുന്നത്.
കിഫ്ബിയില്‍ തട്ടിയാണ് ഇത്തവണ കേന്ദ്രം കേരളത്തിനെ നിര്‍ത്തിപ്പൊരിക്കുന്നത്. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സര്‍ക്കാരിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. അങ്ങനെ കണക്കിലാക്കിയാല്‍ കേരളത്തിന് കടമെടുക്കാനുള്ള പരിധി കുത്തനെ കുറയും. നിത്യനിദാന ചെലവുകള്‍ക്ക് കടമെടുപ്പിനെ ആശ്രയിക്കുന്ന കേരളത്തിന് ഇത്രവലിയൊരു ആഘാതം താങ്ങാന്‍ സാധിക്കില്ല. കൊവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയ കടവും ട്രഷറിയിലെ വാര്‍ഷിക നീക്കിയിരുപ്പ് മാറ്റിയതും എല്ലാം കൂടി പൊരുത്തപ്പെടുന്നില്ലെന്ന കേന്ദ്ര വാദം രാഷ്ട്രീയ മുനകൂടി ഉള്‍പ്പെടുന്നതാണ്.
കിഫ്ബിയുടെ കാര്യം മുമ്പ് സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനമെടുത്ത വായ്പ സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം ആവശ്യപ്പെട്ട കണക്കുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് സംസ്ഥാന ധനവകുപ്പിന്റെ നിലപാട്. രണ്ടുപേരും തമ്മിലുള്ള വടംവലി തുടര്‍ന്നാല്‍ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഫയല്‍ നീക്കങ്ങളടക്കം സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും. ഇത് സര്‍ക്കാര്‍ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന സാഹചര്യമുണ്ടാകും. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറച്ചുതുക വെട്ടിക്കുറച്ച് നല്‍കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വരവിത്ര, ചിലവെത്ര?
ഒരു മാസത്തെ സംസ്ഥാനത്തിന്റെ ആകെ ശരാശരി ചെലവെന്ന് പറയുന്നത് 13,733.00 കോടിയാണ്. എന്നാല്‍ 11,205.00 കോടി മാത്രമാണ് ശരാശരി വിവിധ മാര്‍ഗങ്ങളില്‍ കൂടി സംസ്ഥാന ഖജനാവിലേക്ക് എത്തുന്നത്. ഒരുമാസം 3498.41 കോടി രൂപ ശമ്പളത്തിനും 2236.16 കോടി രൂപ പെന്‍ഷനും വേണ്ടി നീക്കിവെക്കണം. ഇങ്ങനെ ആകെ 5734.57 കോടി രൂപ മാസം വേണ്ടിവരും. 3,77,065 വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,38,535 വരുന്ന പെന്‍ഷന്‍കാര്‍ക്കും വേണ്ടിയാണ് ശമ്പളവും പെന്‍ഷനുമായി ആകെ ചെലവിന്റെ പാതിയോളം വരുന്നത്. പിന്നീട് മുന്‍ കടങ്ങളുടെ തിരിച്ചടവ്, വിവിധ ക്ഷേമ പദ്ധതികള്‍, ഭരണ ചിലവ് അങ്ങനെ നിരവധി മേഖലകളുണ്ട് മറ്റ് ചെലവുകളായി. വിവിധ നികുതികള്‍ വഴി ആകെ സര്‍ക്കാരിന് ലഭിക്കുന്ന 6174.00 കോടി രൂപ മാത്രമാണ് നേരിട്ട് ലഭിക്കുന്ന വരുമാനം. ബാക്കിയെല്ലാം പരോക്ഷ വരുമാനമാണ്. പ്രത്യക്ഷ നികുതി വരുമാനം ഉയരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലില്ലായെന്നതും തിരിച്ചടിയാണ്.
ശമ്പളം മുടങ്ങുമോ, മുടങ്ങിയാല്‍ പിന്നെന്ത്? വരുമോ അമേരിക്കന്‍ മോഡല്‍
സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരമൊരു ആലോചനയെയില്ലെന്ന് ധനമന്ത്രി പറയുന്നു. പക്ഷെ മുന്നിലുള്ള സാഹചര്യം വളരെ ഗുരുതരമാണ്. കഴിഞ്ഞ മാസം ശമ്പളവിതരണം മുടങ്ങാതിരിക്കാനായി ട്രഷറി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഒരുകോടിയില്‍ കൂടുതലുള്ള ബില്ലുകള്‍ എന്നതിന് പകരം നിയന്ത്രണം 25 ലക്ഷത്തിലേക്ക് മാറ്റിയത് ശമ്പളവിതരണം കൂടി മുന്നില്‍ കണ്ടാണ്. സംസ്ഥാനത്തിന്റെ ചെലവ് വളരെ കൂടുന്നതും വരുമാനം വര്‍ധിക്കാതിരിക്കുന്നതും കടമെടുക്കാതെ പറ്റില്ലെന്ന സാഹചര്യത്തിലേക്ക് പോവുകയാണ്.
റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നതാണ്. എന്നാല്‍ അതാത് സമയങ്ങളില്‍ കടമെടുക്കാന്‍ കേന്ദ്രാനുമതി നേടേണ്ടതുണ്ട്. ഇങ്ങനെ 4000 കോടിയുടെ കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതികളുടെ നിര്‍വഹണം ഇവയ്ക്ക് വേണ്ടി വരുന്ന വലിയ തുകകള്‍ക്ക് ട്രഷറി നിയന്ത്രണം വരും. അല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവെക്കേണ്ടി വരും. അറ്റകൈ പ്രയോഗമെന്നല്ലാതെ ഇതിനെ സര്‍ക്കാര്‍ കാണുന്നുമില്ല. എങ്കിലും ശമ്പളത്തിന്റെ 10 ശതമാനം പിടിക്കാനുള്ള നിര്‍ദ്ദേശം ഇപ്പോള്‍ ധനവകുപ്പിന് മുന്നിലുണ്ട്. ഇനിയും അനുമതി നല്‍കുന്നത് വൈകിയാല്‍ മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര ധനകാര്യവകുപ്പുമായി സംസാരിക്കേണ്ടി വരും. അങ്ങനെയൊരു ആലോചനയും നിലവിലുണ്ട്.
എന്നാല്‍ കേരളത്തിന്റെ കടമെടുപ്പിലെ കണക്കുകളില്‍ പൊരുത്തക്കേടുണ്ട് എന്ന കേന്ദ്രവാദത്തെ സംശയത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കി കാണുന്നത്. കേരളത്തിന് പുറമെ കടമെടുപ്പിന് അപേക്ഷിച്ച മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, ജമ്മു, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ അതിനിടയില്‍ കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിരുന്നു. കണക്കിലെ പൊരുത്തക്കേടിനേപ്പറ്റിയും കോവിഡ് കാലത്ത് അനുവദിച്ച അധിക വായ്പാ വിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കത്തിലാണ് സര്‍ക്കാര്‍ അപകടം മണക്കുന്നത്. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന രാഷ്ട്രീയ ആരോപണം പതിയെ ഉയര്‍ന്നുതുടങ്ങിയിട്ടുമുണ്ട്. അനുമതി വൈകുംതോറും ഇതിന് ശക്തികൂട്ടാനാണ് ഭരണകക്ഷിയുടെ ശ്രമം. അതേസമയം ധനപ്രതിസന്ധി തുടര്‍ന്നാല്‍ ശമ്പളം വൈകുമോയെന്ന ആശങ്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ടോയെന്ന് ചോദിച്ചാല്‍ ചെറുതല്ലാത്ത ആശങ്ക ഉണ്ടുതാനും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ അത് മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണ നല്‍കുന്നതിന് പകരം രണ്ട് ഗഡുക്കളാക്കി നല്‍കുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളും ഉയരുന്നു. കൂടാതെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിച്ചുവയ്ക്കാനും പ്രതിസന്ധി തീരുമ്പോള്‍ ഒരുമിച്ച് തിരികെ നല്‍കാനും ആലോചിക്കുന്നുണ്ട്. കോവിഡ് കാലത്തും പ്രളയത്തിന്റെ സമയത്തും ഇങ്ങനെ ശമ്പളം പിടിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്. ട്രഷറി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പറ്റുമെന്നതാണ് ഇതുകൊണ്ടുണ്ടാകുന്ന നേട്ടം. പക്ഷെ ഇത് സര്‍ക്കാര്‍ പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണമാകും. ബില്ലുകള്‍ മാറാന്‍ കൂടുതല്‍ സമയമെടുക്കുക, വലിയ ബില്ലുകള്‍ മാറുന്നതിന് തടസമുണ്ടാകുക ഇതൊക്കെ കരാറുകാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കും.
ആശങ്കയില്ല, പ്രചാരണങ്ങളെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
ഇത്രയും കാലമില്ലാതിരുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പിടിക്കാന്‍ പോകുന്നുവെന്ന പ്രചാരണം തികച്ചും രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പിടിക്കുമെന്നുള്ള പ്രചാരണം ധനമന്ത്രി തന്നെ തള്ളിക്കളഞ്ഞതുമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ഇങ്ങനെയൊരു പ്രചാരണം ഉയരുന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അവിടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ കാണേണ്ടിവരും.
മറ്റൊന്ന് കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതാണ്. കിഫ്ബിയുടെയും മറ്റും പേരില്‍ വായ്പയെടുക്കാന്‍ അനുമതി തരാതിരിക്കുന്നത് അതിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. കേരളം ഉപഭോക്തൃസംസ്ഥാനമാണ്. ഏകീകൃത നികുതി സംവിധാനം വന്നതോടെ കേരളത്തിന് നികുതി ചുമത്താനോ വര്‍ധിപ്പിക്കാനോ അവസരമില്ലാതായി. ഇതിന് പകരമായി തരാമമെന്ന് പറഞ്ഞിരുന്ന ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് ഇപ്പോള്‍ കേന്ദ്രം തുനിയുന്നത്(എന്‍. അശോകന്‍, സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി
കിഫ്ബി കേരളത്തിന്റെ കടമെടുപ്പിനെ ബൈപാസ് ചെയ്യാനുള്ള മാര്‍ഗം
കേരളം ഇപ്പോള്‍ കടമെടുത്താണ് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനുമൊക്കെ നല്‍കുന്നത്. കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ ശമ്പളവിതരണം മുടങ്ങുന്ന സാഹചര്യം സംജാതമാകും. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും വഴി കടമെടുക്കുന്നത് കേരളത്തിന്റെ കടത്തില്‍ കണക്കുകൂട്ടണമെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെ വന്നാല്‍ കേരളത്തിന് കടമെടുക്കാനുള്ള പരിധി കുറയും. ആകെ ജിഡിപിയുടെ 3.5 ശതമാനമാണ് ഇത്തവണ കേരളത്തിന് കടമെടുക്കാന്‍ സാധിക്കുന്നത് അതായത് 32,425 കോടി രൂപ. കിഫ്ബിയുടെ കണക്കും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ കടമെടുക്കാനുള്ള തുക കുത്തനെ കുറയും.
ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നാണ് കിഫ്ബിയുടെ വരുമാന മാര്‍ഗവും. അപ്പോള്‍ കിഫ്ബി ബജറ്റിന്റെ തന്നെ ഭാഗമാണെന്നതാണ് സിഎജി പറയുന്നത്. ഇപ്പോള്‍ കേന്ദ്രവും അങ്ങനെയൊരു നിലപാടെടുത്തതാണ് കേരളത്തിന് തിരിച്ചടിയായത്. കിഫ്ബിയുടെ കാര്യത്തിലുള്ള സിഎജി നിലപാട് സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. സാധാരണ ഗതിയില്‍ ഇതൊക്കെ സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാറുള്ളതാണ്. എന്നാല്‍ ഇനി വരുന്ന പ്രശ്നം അവിടെയല്ല. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രം നിര്‍ത്താന്‍ പോവുകയാണ്. ഇപ്പോള്‍ തന്നെ നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. (ബി.എ. പ്രകാശ്, അഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗം)
Content Highlights: Kerala financial crisis, kifb
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..