തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം. എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം. കെഎസ്എഫ്ഇ തകര്‍ന്നാല്‍ ലാഭം സ്വകാര്യസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. 

'വിജിലന്‍സ് അന്വേഷണം നടക്കുന്നു, റിപ്പോര്‍ട്ട് തയ്യാറാക്കുന്നു, അത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു, നടപടി ആവശ്യമെങ്കില്‍ അത് സ്വീകരിക്കുന്നു എന്നതൊക്കെ സ്വാഭാവിക നടപടിക്രമങ്ങളാണ്. എന്നാല്‍ ഇത് ഓരോന്നും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതാണ് അസ്വഭാവിക നടപടി.  കേരളസര്‍ക്കാര്‍ പറയുന്നത് പോലയേ കേരളത്തിലെ വിജിലന്‍സ് പ്രവര്‍ത്തിക്കുകയുള്ളൂ, അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി മുരളീധരനോ ഇപ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ട'ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ആരും എതിരല്ല, ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കാനായി രാഷ്ട്രീയ എതിരാളികള്‍ക്ക് സന്ദര്‍ഭം ഒരുക്കിക്കൊടുക്കുന്ന രീതിയിലാവരുത് അത്. കെഎസ്എഫ്ഇയുടെ വിശ്വാസ്ത്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ് എതിരാളികള്‍ കെഎസ്എഫ്ഇയിലെ റെയ്ഡിനെ ഉപയോഗിക്കുന്നത്.'

'വിജിലന്‍സ് അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ്മന്ത്രിയോ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.'

'ധനകാര്യപരിശോധനാ വിഭാഗവും സിആന്റ്എജിയും നേരത്തെയും കെഎസ്എഫ്ഇയില്‍ വിവിധ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളുമുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെയല്ല പുറത്തുവന്നത്. സര്‍ക്കാരിലൂടേയും നിയമസഭയിലൂടേയുമാണ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ വിജിലന്‍സ് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ആരാണ് ചോര്‍ത്തിക്കൊടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നില്ല, എന്നാല്‍ ഈ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആരാണ് മാധ്യമവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്ന പരിശോധന വേണം.' 

'ചിലര്‍ വിവാദമുണ്ടാക്കാനായാണ് അന്വേഷണത്തെ ഉപയോഗിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ വഴിതുറക്കുകയാണ് വിജിലന്‍സ് അന്വേഷണമെന്നാണ് ചിലരുടെ ഭാവന. ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്. താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം. ഓരോ പദവികളിലെത്തുമ്പോള്‍ സ്വന്തം പിന്തുണയും പാരമ്പര്യവുമെന്താണെന്ന് തലമറക്കുകയാണ് അവര്‍. ഇവിടെ ആരെങ്കിലും പേടിച്ചിരിക്കാന്‍ പോവുന്നുണ്ടോ? ജനം കൂടെയുണ്ടെങ്കില്‍ സിബിഐക്കും ഇ.ഡിക്കും പട്ടാളത്തിനും പോലീസിനും ഒന്നും ചെയ്യാന്‍ പറ്റില്ല. അതാണ് ഡല്‍ഹിയിലും കാണുന്നത്. വിജിലന്‍സ് അന്വേഷണമൊന്നുമല്ല ജനങ്ങള്‍ കാണുന്നത്. അവര്‍ സന്തോഷത്തിലാണ്. '

Content Highlights: Kerala Finance Minister Thomas Isaac on Vigilance raid in KSFE