വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് സംസാരിക്കുന്നു. കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്കം ഐ.എ.എസ്. തുടങ്ങിയവർ സമീപം.
തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളത്തിന് കുതിച്ചുചാട്ടം. 2019-ലെ 28-ാം സ്ഥാനത്തുനിന്ന് 2020-ലെ കണക്കില്‍ 75.49 ശതമാനം സ്കോറുകള്‍ നേടി 15-ാം സ്ഥാനത്തേക്കാണ് കേരളം കുതിച്ചത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) തയ്യാറാക്കിയ റാങ്കിലാണ് കേരളം 15-ാം സ്ഥാനത്തേക്ക് എത്തിയത്. അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സര്‍വേകളുടെയും അടിസ്ഥാനത്തില്‍ ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറര്‍, എമേര്‍ജിങ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ സംസ്ഥാനങ്ങളെ നാലായി തിരിച്ചിരുന്നു.
ഇതില്‍ അസ്പയറര്‍ എന്ന വിഭാഗത്തിലാണ് കേരളം ഇടം പിടിച്ചത്. 2014-ലാണ് കേന്ദ്രഭരണ പ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി വ്യവസായ സൗഹൃദത്തിന് റാങ്ക് നിശ്ചയിക്കാന്‍ തുടങ്ങിയത്. ഇതില്‍ 2016 മുതലാണ് കേരളം ഭാഗമായത്. കേരളത്തിന് വേണ്ടി സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി.) ആണ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.
Also Read
സംരംഭങ്ങള്‍ എളുപ്പത്തില്‍ തുടങ്ങുന്നതിനും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിച്ച് ബിസിനസ് റീഫോം ആക്ഷന്‍ പ്ലാന്‍ ഓരോ വര്‍ഷവും ഡി.പി.ഐ.ഐ.ടി. സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 2016-ല്‍ കേരളം അതില്‍ 22.8 ശതമാനം മാത്രമായിരുന്നു നടപ്പിലാക്കിയത്. 2019-ല്‍ അതില്‍ 85 ശതമാനവും നടപ്പിലാക്കിയെങ്കിലും 28-ാം റാങ്ക് ആയിരുന്നു ലഭിച്ചത്. ഉയോക്തൃ അഭിപ്രായ സര്‍വേയുടെ കൂടെ അടിസ്ഥാനത്തില്‍ റാങ്ക് നല്കുന്നതിനാലാണ് കേരളം പിന്നാക്കം പോയത്.
2020-ല്‍ 301 പരിഷ്കാരങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ഡി.പി.ഐ.ഐ.ടി. നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ 94 ശതമാനം നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി. ഇതോടെയാണ് റാങ്കിങ്ങില്‍ കുതിപ്പുണ്ടായത്. സംരംഭകര്‍ക്ക് പരാതി നല്‍കാനും അത് പരിഹരിക്കാനും ടോള്‍ഫ്രീ കോള്‍ സെന്റര്‍ സ്ഥാപിച്ചത് കേരളത്തിന് നേട്ടമുണ്ടാക്കി.
വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നതും നയപരമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയതുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തിനാണ് കേരളം ഊന്നല്‍ നല്‍കുന്നത്. നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ മൂലം വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ റാങ്കിങ് മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കാന്‍ നിലവിലെ നേട്ടം കേരളത്തെ സഹായിക്കുമെന്ന് വ്യവസായ വകുപ്പ് അഭിപ്രായപ്പെടുന്നു.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എളുപ്പത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ക്ക് റാങ്കിങ് നല്കുന്ന രീതി 2003-ലാണ് ലോകബാങ്ക് തുടങ്ങിയത്. 2014 മുതല്‍ ഇന്ത്യയും ഈ പ്രക്രിയയുടെ ഭാഗമായി. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എളുപ്പം, കെട്ടിടനിര്‍മാണത്തിനുള്ള അനുമതികള്‍ വേഗത്തില്‍ ലഭ്യമാകുന്നത്, വസ്തു രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ ലളിതമാക്കല്‍, വ്യവസായ സ്ഥാപനങ്ങളിലെ വകുപ്പുതല പരിശോധനകളുടെ സുതാര്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നല്‍കുന്നത്. 2014-ല്‍ ഇന്ത്യയ്ക്ക് 190 ല്‍ 140 ആയിരുന്നു. 2020 ആയപ്പോള്‍ അത് 63-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓരോ സംസ്ഥാനങ്ങളും നടപ്പിലാക്കുന്ന വ്യവസായ സൗഹൃദ നയങ്ങള്‍ രാജ്യത്തിന്റെ റാങ്ക് ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..