Representational image | Photo: Mathrubhumi
തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയില്‍ കേരളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) ശക്തമായ തിരിച്ചുവരവ് നടത്തിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാന ബജറ്റിന് മുന്നോടിയായി സംസ്ഥാന ആസൂത്രണ കമ്മിഷന്‍ ബോര്‍ഡ് നിയമസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 12.01 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.
റവന്യൂ വരുമാനത്തില്‍ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡിന് ശേഷം സംസ്ഥാനം സ്വീകരിച്ച ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകമായി എന്നാണ് വിലയിരുത്തല്‍. കൃഷിയും അനുബന്ധപ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. 17.3 ശതമാനമാണ് വ്യവസായ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവായിരുന്നു.
ധനകമ്മി 3.91 ആയി കുറഞ്ഞു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കുറഞ്ഞു. റവന്യൂ കമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.29 ശതമാനം കുറഞ്ഞു. റവന്യൂ വരുമാനത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 12.86 ശതമാനമാണ് റവന്യൂ വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വര്‍ധനവ്.
അതേ സമയം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമെന്നുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റിന് പുറത്തുള്ള വായ്പകളെ കേന്ദ്രം കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള കേന്ദ്രനയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ആഗോളമാന്ദ്യം, ദേശീയ മാന്ദ്യം എന്നിവയുടെ സ്വാധീനവും കാരണങ്ങളാണ്. കേന്ദ്ര നയങ്ങള്‍ മൂലം വരുംകാലത്ത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര കടം മുന്‍വര്‍ഷത്തേക്കാള്‍ 10.67 ശതമാനം വര്‍ധിച്ചതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യൂ വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 14.34 ശതമാനത്തില്‍ നിന്ന് 10.16 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വെള്ളിയാഴ്ച നിയമസഭയില്‍ ബജറ്റവതരണം നടത്തും. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
Content Highlights: Kerala Economic Survey 2023, Kerala Economy, Economic Growth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..