ജി.എസ്.ടി. വകുപ്പ് സമഗ്ര പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുനഃസംഘടനയെപ്പറ്റിയുള്ള കൈപ്പുസ്തകം മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ആന്റണി രാജു എന്നിവർക്ക് കൈമാറിയപ്പോൾ | Photo: Mathrubhumi
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്നാണിത്. ഇതോടെ ഈ വർഷം പൊതുവിപണിയിൽ നിന്നുള്ള കടം 21,000 കോടി രൂപയാവും.വൈദ്യുതിമേഖലയുടെ പ്രകടനം കണക്കിലെടുത്ത് അനുവദിച്ച 4060 കോടി രൂപയുൾപ്പെടെ ഇതുവരെ 23,539 കോടിരൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്ന വായ്പ.1500 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം 24-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴി നടക്കും.
കേരളം കടക്കെണിയിലെന്ന് കള്ളപ്രചാരണം; കടത്തെക്കുറിച്ച് പറയുന്നവർ വരുമാനം കൂടിയതിനെക്കുറിച്ചും പറയണം- മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടത്തെക്കുറിച്ച് പറയുന്നവർ കേരളത്തിന്റെ വരുമാനം കൂടിയതിനെക്കുറിച്ചും പറയണം. രാഷ്ട്രീയവൈരത്തോടെ സാമ്പത്തികരംഗത്ത് കേന്ദ്രം ഏർപ്പെടുത്തുന്ന അപ്രഖ്യാപിത ഉപരോധങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ പ്രചാരണം. ജി.എസ്.ടി. വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
20 വർഷംകൊണ്ട് കടം 13 ഇരട്ടികൂടിയെന്നാണ് പ്രചാരണം. കേരളത്തിൽ നികുതിപിരിവ് നടക്കുന്നില്ലെന്ന പ്രചാരണം ചില മാധ്യമങ്ങളും ഏറ്റുപിടിക്കുന്നു. 1.35 ലക്ഷം കോടി റവന്യൂവരുമാനത്തിൽ 85,867 കോടി രൂപ കേരളത്തിന്റെ സ്വന്തംവരുമാനമാണ്. കേന്ദ്രസഹായം കൊണ്ടാണ് കേരളം പിടിച്ചുനിൽക്കുന്നതെന്ന് പറയുന്നതിലും അർഥമില്ല. സംസ്ഥാനങ്ങളുടെ റവന്യൂവരുമാനത്തിൽ കേന്ദ്രസഹായത്തിന്റെ പങ്ക് ദേശീയതലത്തിൽ 45 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് 75 ശതമാനംവരെ കിട്ടുന്നു. എന്നാൽ, കേരളത്തിലിത് 36 ശതമാനം മാത്രമാണ്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സി.ജി.എസ്.ടി. തിരുവനന്തപുരം മേഖലാ കമ്മിഷണർ ടി.ജി. വെങ്കിടേഷ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, നികുതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ജി.എസ്.ടി. കമ്മിഷണർ അജിത് പാട്ടീൽ, അഡീഷണൽ കമ്മിഷണർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: False propaganda that Kerala is in debt trap
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..