തിരുവനന്തപുരം:  പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ച ശബരിമല കയറുന്നതില്‍നിന്ന് പിന്‍വാങ്ങിയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജു. മല കയറാന്‍ മടങ്ങിയെത്തും. പോലീസ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിത്തന്നെന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മഞ്ജു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു

മല കയറ്റം ഉപേക്ഷിച്ചിട്ടില്ല. വിശ്വാസിയാണെന്നും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  താന്‍ കാരണം ക്ഷേത്ര വളപ്പിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകണ്ടെന്ന് കരുതിയാണ് പിന്‍മാറിയത്. സംരക്ഷണം ഒരുക്കിത്തരാന്‍ പോലീസ് തയ്യാറായിരുന്നു. 

പേരില്‍ കേസുകളുണ്ട്. എന്നാല്‍ അവ സിവില്‍ കേസുകളാണ്. പശ്ചാത്തലത്തെ കുറിച്ച് എല്ലാ അന്വേഷണവും നടത്തിയ ശേഷം രണ്ടുമണിയോടെ ശേഷം മല ചവിട്ടാന്‍ തയ്യാറായിക്കോളാന്‍ പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ആ സമയത്താണ് മഴ പെയ്യാന്‍ തുടങ്ങിയതെന്നും മഞ്ജു പറഞ്ഞു. 

പ്രതിഷേധം ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് പമ്പയിലെത്തിയത്. പോലീസ് സൗകര്യമൊരുക്കിത്തരുമെന്നും ക്ഷേത്രദര്‍ശനം നടത്താനാവും എന്ന വിശ്വാസമുണ്ടായിരുന്നു. തനിക്കൊപ്പം വേറെ സ്ത്രീകളാരും ഉണ്ടായിരുന്നില്ല. താന്‍ കാരണം ക്ഷേത്രവളപ്പിനുള്ളില്‍ പ്രശ്‌നമുണ്ടാകരുതെന്ന് കരുതി വിശ്വാസം മുറുകെ പിടിച്ച് പിന്മാറിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlights: kerala dalith mahila federation leader s p manju on decision to withdraw from sabarimala entry