ഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഒരാളില്‍ നിന്നും എത്രപേരിലേക്ക് കോവിഡ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന റീപ്രൊഡക്ഷന്‍ ഫാക്ടര്‍ (ആര്‍ ഘടകം) ഒന്നില്‍ താഴെയായതും സംസ്ഥാനത്ത് ഇനിയും കോവിഡ് നിരക്ക് കുറയും എന്നതിന്റെ സൂചനയാണ്. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി.പി വേണുഗോപാല്‍ മാതൃഭൂമിഡോട്ട് കോമുമായി സംസാരിക്കുന്നു.

രോഗനിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങള്‍?

ഓരോ വ്യക്തിക്കും വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി കുറച്ച് കൂടിയിട്ടുണ്ട്. രോഗം കുറയാന്‍ ഏറ്റവും പ്രധാനം മൂന്ന് കാര്യങ്ങളാണ്-

ഒന്ന്, നമ്മളുടെ സംസ്ഥാനം 90 ശതമാനം ആളുകളിലേക്ക് ഒരു ഡോസ് വാക്‌സിന്‍ കൊടുക്കുന്ന സ്റ്റേജിലേക്ക് എത്തി. രണ്ടാമത്തെ കാര്യം, നമ്മുടെ സമൂഹത്തില്‍ ഏകദേശം 46 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് വന്നുകഴിഞ്ഞു. നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 15 ശതമാനത്തില്‍ താഴെയാണെങ്കില്‍ കൂടി അത്രയും ആളുകള്‍ പ്രതിരോധശേഷി കൈവരിച്ചു. അതോടൊപ്പം, രോഗം വന്നുപോയത് അറിയാത്തവരും ഉണ്ടാവും. ഇതൊക്കെയാണ് രോഗം കുറയാന്‍ കാരണം.

കഴിഞ്ഞ രണ്ടാഴ്ചയായി രോഗം ബാധിക്കുന്നവരുടെ എണ്ണം മാത്രമല്ല, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഓക്‌സിജന്‍ വേണ്ടി വരുന്നവരുടെ എണ്ണം, ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം എന്നിവയും കുറഞ്ഞിട്ടുണ്ട്. ഏകദേശം 200 രോഗികള്‍ ചികിത്സ തേടിവരുന്ന ഒരു ആശുപത്രിയില്‍ ഇപ്പോള്‍ ഏകദേശം 50 രോഗികള്‍ മാത്രമാണ് എത്തുന്നത്. കേരളം മുഴുവന്‍ ഈ ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്.
 
എന്തുകൊണ്ട് മരണ നിരക്ക്  ഇപ്പോഴും കൂടി നില്‍ക്കുന്നു?

ഡോക്ടര്‍ പി.പി വേണുഗോപാല്‍
ഡോക്ടര്‍ പി.പി വേണുഗോപാല്‍

വാക്‌സിനെടുക്കാത്തതുകൊണ്ടോ, വാക്‌സിന്‍ എടുത്തിട്ടും പ്രതിരോധ ശേഷി കൈവരിക്കാത്തതുകൊണ്ടോ ആണ് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കോവിഡിനെ അതിജീവിക്കാന്‍ പറ്റാത്തത്. ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലും ഈ വിഭാഗത്തില്‍ പെടുന്നവര്‍ ആയതുകൊണ്ടാണ് മരണ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്. ഇതൊരു തരംഗമാണ് അതൊന്നു കെട്ടടങ്ങാന്‍ കുറച്ചുസമയം കൂടി എടുക്കും. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ മരണ നിരക്ക് നന്നായി കുറയും.

തീരെ വാക്‌സിനെടുക്കാത്ത രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നോ?

ഈ ഒരു രണ്ടാഴ്ചയിലെ എന്റെ അനുഭവത്തില്‍ നിന്ന് പറയാന്‍ കഴിയുന്നത് വാക്‌സിനെടുക്കാത്തവരില്‍ രോഗം കൂടി എന്നുതന്നെയാണ്. അവരെല്ലാം അറുപത് വയസ്സിന് മുകളിലുള്ളവരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. ഇവര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ കൊടുത്തില്ല എന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി പ്രായമായത് കൊണ്ട്, അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് കൊടുത്തില്ല എന്നാണ്. വാക്‌സിനെടുത്താല്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള സാധ്യത 90ശതമാനം ആണെന്നും വാക്‌സിന്‍ എടുക്കാത്തവരില്‍ രോഗം ഗുരുതരമായാല്‍ രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനത്തില്‍ താഴെയാണെന്നും മനസ്സിലാക്കാത്ത ഒരു ചെറിയ വിഭാഗം ഇപ്പോളും ഉണ്ട്. അത് മാറേണ്ടതാണ്.

മൂന്നാം തരംഗത്തിനുള്ള സാധ്യത ഇല്ലാതായോ?

മൂന്നാം തരംഗം ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ല. അഥവാ മൂന്നാം തംരംഗം വന്നാലും നമ്മള്‍ ഒന്നാം തരംഗത്തേയും രണ്ടാം തരംഗത്തേയും നേരിട്ടതിനേക്കാള്‍ ആത്മവിശ്വാസത്തോടെ നമുക്കതിനെ നേരിടാന്‍ കഴിയും. മരണനിരക്കും ഗുരുതര രോഗികളുടെ എണ്ണവും നമുക്ക് നിയന്ത്രിക്കാന്‍ പറ്റും. കാരണം, വാക്‌സിനേഷന്‍ നിരക്കും ആര്‍ജ്ജിത പ്രതിരോധ ശേഷിയും കൂടി. മോണോക്ലോണല്‍ ആന്റിബോഡി പോലുള്ള മരുന്നുകള്‍ നമ്മുടെ കയ്യിലുണ്ട്. ഒപ്പം കോവിഡിനെ നേരിടാന്‍ നമ്മള്‍ കൂടുതലായി സജ്ജീകരിച്ച ഓക്‌സിജന്‍, ഐസിയു സംവിധാനങ്ങള്‍. ഒന്നരവര്‍ഷത്തെ കോവിഡ് ചികിത്സയിലൂടെ ഉണ്ടായ അനുഭവ സമ്പത്ത് ഇത്രയും കാര്യങ്ങള്‍ മതി ഇനി ഏത് തരംഗത്തേയും നേരിടാന്‍.

കോവിഡിനെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ കേരളത്തിന് കഴിയുമോ?

നമ്മള്‍ നേരത്ത തന്നെ ശീലിച്ചുപോരുന്ന സാമൂഹ്യ അകലം, കൈ വൃത്തിയാക്കല്‍, മാസ്‌കിന്റെ ഉപയോഗം തുടങ്ങിയവ ഉപേക്ഷിക്കേണ്ട കാലം ആയിട്ടില്ല. ഒപ്പം, ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തില്‍ എത്തിക്കുക, ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കൃത്യസമയത്ത് തന്നെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുക എന്നിവയും പ്രധാനമാണ്. അങ്ങനെ 90 ശതമാനം ആളുകളിലും രണ്ട് ഡോസ് വാക്‌സിന്‍ എത്തിയാലേ നമുക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവൂ. ഇപ്പോള്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ആറ് മാസം കൊണ്ട്, അല്ലെങ്കില്‍ 2022ന്റെ തുടക്കത്തില്‍ തന്നെ കേരളത്തിന് കോവിഡിനെ കീഴടക്കാന്‍ കഴിയും.