തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനില്‍ കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 32.17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നത് ആ ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമാണ്. സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

ഒരാഴ്ചയ്ക്കിടെ കോവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.