കൊച്ചി: കേന്ദ്രം നല്‍കിയത് കൂടാതെ എട്ട് ലക്ഷം അധിക ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍. പരമാവധി വാക്‌സിന്‍ എത്തിക്കാനാണ് ശ്രമമെന്നും ആഗോള ടെണ്ടര്‍ ടെക്‌നിക്കല്‍ ബിഡ് ഇന്ന് തുറക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ രേഖാമൂലം അറിയിച്ചത്. 

നേരത്തെ ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്ന് തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് ബയോടെക്കിനും പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും കത്തയച്ചിരുന്നു. എന്നാല്‍ ഒരു കോടി വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്രവാക്‌സിന്‍ നയം പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നല്‍കാനാവുന്ന വാക്‌സിന്‍ ഡോസ് പരിധിയെ അടിസ്ഥാനമാക്കിയാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്നാണ് കരാറുമായി മുന്നോട്ടുപോവില്ലെന്ന് തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിന്‍ വിദേശത്ത് നിന്ന് വാങ്ങാനായി ആഗോള ടെണ്ടര്‍ വിളിച്ചുകഴിഞ്ഞു. ടെക്‌നിക്കല്‍ ബിഡ് ഇന്ന് തുറക്കും. വിദേശത്ത് നിന്നടക്കം പരമാവധി വാക്‌സിന്‍ എത്തിച്ച് 18 വയസ്സിന് മുകളില്‍ പ്രായമുള്ള പരമാവധി വാക്‌സിന്‍ എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.