തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഞായറാഴ്ച 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

തിരുവനന്തപുരം-22, കോഴിക്കോട്-5, കാസര്‍ഗോഡ്-4, എറണാകുളം- 3, മലപ്പുറം-2, കൊല്ലം-1 ആലപ്പുഴ-1 എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗികളുടെ കണക്കുകള്‍. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഏഴ് ഡി.എസ്.സി. ജവാന്‍മാര്‍ക്കും രണ്ട് സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ബി.എസ്.എഫ്.കാര്‍ക്കും രണ്ട് ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവര്‍ക്ക് യാത്രാപശ്ചാത്തലമില്ലെന്നത് ആശങ്ക ജനിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്കരോഗികളുള്ളത്. രോഗബാധിതരില്‍ ഏറെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നവരാണ്.

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. സമൂഹവ്യാപനം ഉണ്ടായാല്‍ അതുമറച്ചുവെയ്ക്കാനാകില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. സ്ഥിതി അതിസങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഇരുപതോളം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തലസ്ഥാലനഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജാഗ്രത വര്‍ധിപ്പിക്കുമെന്നും മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. 

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മരണത്തിനു ശേഷം കോവിഡ് സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നാവാം കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന വിവരം. ജില്ലയില്‍ ഉറവിടമറിയാത്ത ഒമ്പത് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ സമൂഹ അടുക്കളയിലും ലാബിലും ജോലിചെയ്തിരുന്നവരാണ്. കണ്ണൂരില്‍ 68 സിഐഎസ്എഫുകാര്‍ക്കും 22 ബിഎസ്എഫുകാര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

കേരളത്തില്‍ കോവിഡ് സമൂഹവ്യാപനത്തിന്റെ എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുവെന്ന് ഐഎംഎ പ്രതിനിധി ഡോ. സുള്‍ഫി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ ഇരട്ടിപ്പിച്ചില്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്നും അദ്ദേഹം പറഞ്ഞു.