തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. 

പ്രമേഹം, രക്തസമ്മര്‍ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്നാണ് ഇയാളെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ ആലപ്പുഴയില്‍ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 61 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71), തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍, കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദ(50),  എന്നിവരുടേതാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍.

Content Highlights: Kerala Covid-19 Death, COVID-19