തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 1,715 പേര്‍ രോഗമുക്തി നേടി.
കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ 1,216 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 92 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്ന് വന്ന 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന 108 പേര്‍ക്കും 30 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകള്‍ പരിശോധിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 777 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
മറ്റ് ജില്ലകളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്: കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസര്‍കോട്-73, തൃശ്ശൂര്‍-64 കണ്ണൂര്‍-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10.
content highlights: kerala covid 19 cases update chief minister pinarayi vijayan press meet