'കൂലിപ്പണിയെടുത്തിട്ടാണേലും ജീവിക്കും', സർക്കാർ ജോലി വിട്ട് ദമ്പതിമാർ; ജലീലിനെതിരേയും ആരോപണം


സാബി മുഗു

8 min read
Read later
Print
Share

ഫെബ്രുവരി 19-ന് ജോലിയിൽ തിരിച്ചെടുത്ത അനിതയെ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നതിന്റെ പിറ്റേ ദിവസം സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു സൂപ്രണ്ടിന്റെ ട്രാൻസ്ഫർ അടക്കം. തുടർന്ന് കോടതിയെ സമീപിക്കാനാണ് തങ്ങൾ ഒരുങ്ങുന്നത് എന്ന് മനസ്സിലായപ്പോൾ അനിതയെ തിരിച്ചെടുക്കുകയായിരുന്നുവെന്ന് ജെയ്സൺ പറയുന്നു.

കെ.ടി. ജലീൽ, ജെയ്സൺ, അനിതാ മേരി, ഇൻസൈറ്റിൽ രാജിക്കത്ത്

'സകല സർക്കാർ ഓഫീസുകളിലും ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാനുള്ള സാഹചര്യം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബോധപൂർവ്വം ഇല്ലാതാക്കുകയാണ്'

മേലുദ്യോഗസ്ഥരുടേയും രാഷ്ട്രീയ ഇടപെടലുകളും മൂലം സർക്കാർ ജോലിയും കിടപ്പാടവും വിറ്റ് കൂലിപ്പണിയെടുത്തിട്ടാണെങ്കിലും ജീവിക്കും എന്ന് പറഞ്ഞ് ഉണ്ടായിരുന്ന സർക്കാർ ജോലിയും ഏറെ ആഗ്രഹിച്ച് കെട്ടിപ്പടുത്ത കിടപ്പാടവും എങ്ങനെയെങ്കിലും വിറ്റ്‌ തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന ജെയ്സൺ പറഞ്ഞു തുടങ്ങിയത് ഇപ്രകാരമായിരുന്നു.

ഒരു സര്‍ക്കാര്‍ ജോലിക്കായി ലക്ഷക്കണക്കിന് പേര്‍ കാത്തിരിക്കുമ്പോള്‍ ഉള്ള ജോലി രാജിവെച്ചുപോകാന്‍ നിര്‍ബന്ധിതമായ സാഹചര്യം വിവരിക്കുന്നു രണ്ടുപേരും

തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ എ.ജെ. ജെയ്‌സണും, ഭാര്യ തവനൂർ സർക്കാർ വയോജന മന്ദിരത്തിലെ മേട്രൻ പി.എസ്. അനിതാ മേരിയുമാണ് മേലുദ്യോഗസ്ഥരിൽനിന്നുള്ള പീഡനവും നീതിനിഷേധവും ആരോപിച്ച് സർക്കാർ ജോലി തന്നെ വേണ്ടെന്നുവെച്ച് രാജിക്കത്തും നൽകി തിരികെ മടങ്ങുന്നത്. ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ ഇവർ രണ്ടുപേർക്കുംകൂടി ഒരു ലക്ഷം രൂപയിലേറെ രൂപ വേതനം കിട്ടുന്നജോലിയാണ് ഉപേക്ഷിച്ച് മടങ്ങുന്നത്.

ആദ്യം മലപ്പുറത്ത് സ്കൂളിൽ ഓഫീസ് അറ്റൻഡറായിരുന്നു അനിത. 2020-ലാണ് തവനൂർ സർക്കാർ വയോജന മന്ദിരത്തിലെ മേട്രനായിട്ട് ജോയിൻ ചെയ്യുന്നത്. 2005-ലാണ് ജെയ്സൺ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് ജെയ്സൺ അനിതയുടെ ജോലിസ്ഥലത്തിനടുത്തേക്ക്, കുറ്റിപ്പുറത്തേക്ക് താമസം മാറ്റുകയും പത്ത് സെന്റ് സ്ഥലം വാങ്ങി ഇവിടെത്തന്നെ വീട് പണിയുകയും ചെയ്തു.

ജെയ്സൺന്റെ മലപ്പുറത്തുള്ള വീട്

മേട്രന്റെ ഒഴിവിലേക്കായിരുന്നു അനിത ജോയിൻ ചെയ്തത്. എന്നാൽ ജോയിൻ ചെയ്ത അന്ന് തന്നെ അനിതയോട് പഴയ മേട്രൻ പറഞ്ഞത് 'സൂപ്രണ്ട് ആണ് എല്ലാം. ഒത്തിരി സ്വാധീനം ഉള്ള മനുഷ്യനാണ്, സുപ്രണ്ടിന്റെ എല്ലാ കാര്യങ്ങളും നമ്മൾ തന്നെ നോക്കണം. സൂപ്രണ്ട് ചായ കുടിക്കുന്ന ഗ്ലാസുകളും പാത്രവും ഒക്കെ നമ്മൾ തന്നെ കിച്ചണിൽ എടുത്തു കൊടുക്കണം' എന്നായിരുന്നു. അന്ന് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തത് പഴയ മേട്രൺ ആയിരുന്നു അനിതയോട് സഹായിക്കാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ഭക്ഷണത്തിന്റെ സമയം ആയപ്പോൾ അനിതയെ സൂപ്രണ്ട് വിളിക്കുകയും അനിത ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. എന്നാൽ അവിടെ ഉണ്ടായിരുന്ന അന്തേവാസികൾ അനിതയ്ക്ക് സൂചന നൽകി, 'ഇതത്ര നല്ലതല്ല' എന്ന്. അതോടെ അനിത ഭക്ഷണസമയത്ത് സൂപ്രണ്ട് വിളിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിയാൻ തുടങ്ങി. ഇതിനിടയിൽ അന്തേവാസികളായ കിടപ്പുരോഗികളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട് അവിടുത്തെ പുരുഷ ജീവനക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. സ്ഥാപനത്തിലെ കിടപ്പു ജീവനക്കാരെ അവഗണിക്കുന്നതിനെച്ചൊല്ലിയായിരുന്നു അത്.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെയ്സൺ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്നു. ആ സമയത്ത് അനിതയും കുട്ടിയും വയോജന മന്ദിരത്തിലായിരുന്നു താമസിച്ചിരുന്നത്. 'ജനുവരി ഒന്നാം തീയതി ഓഡിറ്റ് ഉണ്ട്, അതിന് മുമ്പുള്ള രണ്ട് ദിവസം ഭർത്താവിനേയും കുട്ടിയേയും നാട്ടിലേക്ക് വിട്ട് എന്റെ കൂടെ രാത്രി താമസിക്കണം' എന്നായിരുന്നു സൂപ്രണ്ട് അനിതയോട് ആവശ്യപ്പെട്ടതെന്ന് ജെയ്‌സണ്‍ പറയുന്നു.

'ഡിസംബറിൽ സാലറി കിട്ടാൻ വൈകും എന്നത് കൊണ്ട്, ക്രിസ്മസ് ഒക്കെ ആയതിനാൽ പൈസയുടെ ആവശ്യം ഉണ്ടേൽ ഓഫീസിൽ നിന്ന് പൈസ എടുത്തോളാനും സൂപ്രണ്ട് അനിതയോട് പറഞ്ഞിരുന്നു. ആവശ്യമുണ്ടേൽ നേരത്തെ തന്നെ പണം എടുത്തോളാൻ സൂപ്രണ്ട് പറഞ്ഞു എന്ന കാര്യം അന്ന് തന്നെ അനിത അറിയിച്ചിരുന്നു. അങ്ങനെ എടുക്കാറുണ്ടെന്നും സാലറി കിട്ടുന്ന ദിവസം അത് തിരിച്ചു വെക്കുകയുമാണ് സാധാരണ ജീവനക്കാർ ചെയ്തു വരുന്നതെന്നും അനിത പറയുന്നു. എന്നാൽ അന്ന് ആവശ്യം ഉണ്ടാകാത്തതിനാൽ പൈസ എടുത്തില്ല. ഡിസംബർ 21 ആയിട്ടും ശമ്പളം കിട്ടാത്തതിനാൽ 10,000 രൂപ മുൻകൂറായി എടുത്തോ എന്ന് ഭാര്യയോട് പറഞ്ഞതായി ജെയ്‌സണ്‍ പറഞ്ഞു. അപ്രകാരം അനിത സുപ്രണ്ടിനെ വിളിച്ച് പൈസ എടുക്കുന്ന കാര്യം പറഞ്ഞു. തുടർന്ന് ഓഫീസിൽ നിന്ന് പണം ജീവനക്കാരുടെ സാന്നിധ്യത്തിൽ എടുത്ത് ബുക്കിൽ എഴുതിയിടുകയും ചെയ്തു. തുടർന്ന് വാട്സാപ്പിൽ സന്ദേശം അയക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ശേഷം രാത്രി എട്ട് മണിയോടടുത്ത് ഓഫീസിലേക്ക് പോകണമെന്നും പൈസ തിരിച്ചു വെക്കണമെന്നും അനിത പറഞ്ഞു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ സൂപ്രണ്ട് അയച്ച വോയിസ് സന്ദേശങ്ങൾ ജെയ്സണ് അനിത കേൾപ്പിച്ചു കൊടുത്തു. 'അനധികൃതമായി പൈസ എടുക്കാൻ പാടില്ലെന്ന് അറിഞ്ഞു കൂടെ, ആരോട് ചോദിച്ചിട്ടാണ് പൈസ എടുത്തത്' എന്ന രീതിയിൽ ശകാരിച്ചു. തുടർന്ന് ഇരുവരും സ്ഥാപനത്തിൽ ചെന്ന് പണം തിരികെ വെച്ച് സൂപ്രണ്ടിന് സന്ദേശം അയക്കുകയും ചെയ്തു. പിറ്റേന്ന്, ഈ ഒരൊറ്റ കാര്യം മതി നിങ്ങളെ സസ്‌പെൻഡ് ചെയ്യാൻ എന്ന് പറഞ്ഞ് അനിതയെ സൂപ്രണ്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളെ നേരിട്ട് ചെന്ന് കണ്ട് സംസാരിച്ചപ്പോൾ പൈസ എടുത്ത ഒറ്റ കാര്യം മതി നിങ്ങളുടെ ഭാര്യയെ സസ്‌പെൻഡ് ചെയ്യാൻ എന്ന് പറഞ്ഞ് വിരട്ടാൻ ശ്രമിച്ചു' ജെയ്സൺ പറയുന്നു.

'പിന്നീട് ഡിസംബർ 25-ാം തീയതി ഭാര്യ കരയുന്നത് കണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചപ്പോഴാണ്, സൂപ്രണ്ടിന്റെ കൂടെ ഓഡിറ്റിന് മുമ്പായി രാത്രി കിടക്കണമെന്ന് പറഞ്ഞ കാര്യം അനിത പറഞ്ഞത്. പിറ്റേ ദിവസം രാവിലെ കുട്ടിയേയും കൂട്ടി ഞാന്‍ അവിടെയെത്തി. കോവിഡിന്റെ സാഹചര്യം കൊണ്ട് തന്നെ കുറച്ചു നേരം പുറത്ത് കാത്തിരുന്നു. അന്നേരം അവിടെ സൂപ്രണ്ട് ഉണ്ടായിരുന്നില്ല. ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. അവരുമായി അവിടെ വൈകാരിക സംസാരങ്ങൾ ഉണ്ടായി. ശേഷം അവിടെ നിന്ന് ഓഫീസിലേക്ക് വന്നു. തൊട്ടു പിന്നാലെ ജീവനക്കാരെ കൈയേറ്റം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ സൂപ്രണ്ട് കേസ് നല്‍കുകയായിരുന്നുവെന്ന് ജെയ്‌സണ്‍ പറയുന്നു.

ആദ്യം സ്ഥാപനത്തിലെ വനിതാ ഡോക്ടറോട് തനിക്കെതിരെ കേസ് കൊടുക്കാനായിരുന്നു അവർ ആവശ്യപ്പെട്ടതെന്ന് ജെയ്സൺ പറയുന്നു. എന്നാൽ ഇവർ തയ്യാറായിരുന്നില്ലെന്നും അതുകൊണ്ട് അവരുടെ കരാർ പുതുക്കി നൽകിയില്ലെന്നും ജെയ്സൺ ആരോപിച്ചു. കേസ് കൊടുത്ത സമയത്ത് തന്നെ തിരുവനന്തപുരം ഡയറക്ടറേറ്റിൽ നിന്ന് ജില്ലാ ഓഫീസിലേക്ക് കോൾ വരുന്നു 'പെട്ടെന്ന് പ്രശ്നങ്ങൾ തീർത്തോ, ഇത് നമ്മൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ' എന്ന് ചൂണ്ടിക്കാട്ടി സംഘടനാ നേതാക്കൾ അടക്കം വിളിക്കുകയും എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടായതായി ജെയ്സൺ പറയുന്നു.

ജെയ്സണും അനിതയും

സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സി.ഐയ്ക്ക് എല്ലാ കാര്യങ്ങളും മനസ്സിലായി. തുടർന്ന് പരാതി എഴുതി നൽകാൻ തങ്ങളോടും സി.ഐ. ആവശ്യപ്പെടുകയായിരുന്നുവെന്ന് ജെയ്സൺ പറയുന്നു. എല്ലാ കാര്യങ്ങളും വിവരിച്ച് എഴുതി അനിത പോലീസിൽ പരാതി നൽകി. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ അടക്കമുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പ്രശ്നങ്ങൾ ഗുരുതരമാകുന്നത്.

'പരാതി പിൻവലിപ്പിക്കാൻ വേണ്ടിയുള്ള സമ്മർദ്ദങ്ങളായിരുന്നു പിന്നീട്. അനിതയെ സ്ഥാപനത്തിൽ കയറ്റാതെ പുറത്ത് നിർത്തി ഗേറ്റ് പൂട്ടിയിട്ടു. ചോദിച്ചപ്പോൾ നിങ്ങളെ അകത്തു കയറാൻ അനുവദിക്കരുതെന്ന് സൂപ്രണ്ട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു. ഏതെങ്കിലും അവസരത്തിൽ ഗേറ്റ് തുറക്കുന്ന സമയത്ത് അകത്ത് കയറി കൂടിയാൽ തന്നെ ഒപ്പിടാൻ അറ്റന്റൻസ് രജിസ്റ്റർകൊടുക്കാതെ കീഴ്ജീവനക്കാർ ഒളിപ്പിച്ചു.. പരാതി നൽകിയതിനടുത്ത ദിവസങ്ങളിൽ തന്നെ തിരുവനന്തപുരത്ത് നിന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്നിരുന്നു. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു. 'പരാതി നാല് ചുവരിന് പുറത്തുപോകരുത്, എത്രയും പെട്ടെന്ന് പിൻവലിക്കണം' എന്ന് പറഞ്ഞു, എന്നാൽ അനിത തയ്യാറായില്ല. പല വഴിക്കും ഇത്തരത്തിലുള്ള സമ്മർദ്ദം ഉണ്ടായി. ഇതുകൂടാതെ ബൈക്കിലും കാറിലും കുട്ടിയുമായി സഞ്ചരിക്കുമ്പോൾ, സാധനങ്ങൾ വാങ്ങിക്കാൻ ചെല്ലുമ്പോൾ കടയിലും സൂപ്പർ മാർക്കറ്റിലും പോകുമ്പോൾ, വഴിയിൽ ആളുകൾ ഫോളോ ചെയ്യാനും തുടങ്ങിയിരുന്നതായി ജെയ്സൺ പറഞ്ഞു. ഇതിനിടെ ജോയിന്റ് കൗൺസിൽ ജില്ലാ നേതാവ് സുരേഷ് ബാബു വിളിച്ച് പറഞ്ഞിരുന്നു, 'മന്ത്രിയുടെ (അന്നത്തെ മന്ത്രി കെ.ടി. ജലീൽ) ആൾക്കാർ ഇടപെട്ടിട്ടുണ്ട്, ബൈക്കിന്റെ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്, പെടുത്തും എന്ന്'. പേടിപ്പിക്കാൻ എന്ന തരത്തിലുള്ള ഫോളോ ചെയ്യൽ ആയത് കൊണ്ട് തന്നെ ആശങ്ക തോന്നിയതും ഇല്ല. എന്നാൽ ഫോളോ ചെയ്തത് ആരാണ് എന്ന് കാര്യം വ്യക്തമല്ല' ജെയ്സൺ പറയുന്നു. കേസ് പിൻവലിക്കാൻ തയ്യാറല്ലെന്ന് താൻ തറപ്പിച്ച് പറഞ്ഞതായി ജെയ്സൺ വ്യക്തമാക്കി.

ഇതൊക്കെ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. തൊട്ടുപുറകെ ജില്ലാ ഓഫീസിൽ നിന്ന് ജെയ്സണ് മെമ്മോ ലഭിക്കുകയും ചെയ്തു. വയോജന മന്ദിരത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ കൈയേറ്റം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മെമോ. മൂന്ന് ദിവസത്തിനകം മറുപടി നൽകാനും മെമോയിൽ പറഞ്ഞിരുന്നു. വ്യക്തമായിത്തന്നെ മറുപടി നൽകുകയും ചെയ്തു. എന്നാൽ തുടരന്വേഷണം ഒന്നും കൂടാതെ തന്നെ ശിക്ഷിച്ചതായി ജയ്സൺ പറഞ്ഞു.

അതേസമയം അനിത നൽകിയ പരാതി പിൻവലിക്കില്ലെന്ന് ഉറച്ചു നിന്നതോടെയാണ് അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീൽ നേരിട്ട് ഇടപെടൽ നടത്തിയതെന്ന് ജെയ്സൺ ആരോപിക്കുന്നു. മന്ത്രിയായിരുന്ന അദ്ദേഹം വയോജന മന്ദിരത്തിൽ എത്തുകയും സൂപ്രണ്ടുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് സ്റ്റാഫ് മീറ്റിങ് വിളിച്ച് സംസാരിച്ച ശേഷം അനിതയും സൂപ്രണ്ടും ജലീലും മാത്രമായി സംസാരിച്ചു. പരാതി പിൻവലിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിന് അനിത തയ്യാറായില്ല. പരാതി പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ഇവർ പറഞ്ഞു. ഇതിനിടെ അനിതയുടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ റെക്കോർഡ് ചെയ്യുന്നുണ്ടോ നോക്കാൻ ഫോൺ പരിശോധിക്കുകയും ചെയ്തു. തുടർന്ന് രാത്രി മൂന്ന് മണിയോടെ ഭാര്യയുടേയും തന്റെയും ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്ന് കോൾ വരാൻ തുടങ്ങി. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട് രാത്രി തന്നെ, പുലർച്ചെ നാല് മണിയോടടുപ്പിച്ച് മലപ്പുറത്ത് നിന്ന് ആലപ്പുഴയിലേക്ക് ഞങ്ങള്‍ പോയി-ജയ്‌സണ്‍ പറയുന്നു.

'ഏഴാം തീയതി ഞാന്‍ മാത്രം തിരിച്ചു വന്നു. തുടർന്ന് പലനേതാക്കളുമായി സംസാരിച്ചുവെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല. തുടർന്ന് മാധ്യമങ്ങളുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ എ.എം. ആരിഫും ബന്ധപ്പെട്ടിരുന്നു. പിന്നീട് കെ.ടി. ജലീൽ, സൂപ്രണ്ടിനെതിരെ കേസെടുപ്പിക്കാമെന്നും അദ്ദേഹത്തെ സ്ഥലംമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തിരിച്ച് മലപ്പുറത്തേക്ക് പോകണമെന്നും വിഷയത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തക അറിയിച്ചു. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചർ കൂടി ഉറപ്പു നൽകിയതോടെയാണ് ഭാര്യയ്ക്ക് സമാധാനമായത്. പിന്നീട് തിരിച്ചു ജോലിസ്ഥലത്തേക്ക് പോയത്. തങ്ങളുടെ മുമ്പിൽ വെച്ച് തന്നെ ഷൈലജ ടീച്ചർ ജലീലിനെ വിളിക്കുകയും സൂപ്രണ്ടിനെ ട്രാൻസ്ഫർ ചെയ്ത് അന്ന് തന്നെ ഓർഡറിക്കുകയും ചെയ്തിരുന്നു'

ഫെബ്രുവരി 19-ന് ജോലിയിൽ തിരികെ കയറി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നതിന്റെ പിറ്റേ ദിവസം അനിതയെ സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു സൂപ്രണ്ടിന്റെ ട്രാൻസ്ഫർ അടക്കം. തുടർന്ന് കോടതിയെ സമീപിക്കാനാണ് തങ്ങൾ ഒരുങ്ങുന്നത് എന്ന് മനസ്സിലായപ്പോൾ അനിതയെ തിരിച്ചെടുത്തു. ഇത് ഏഴ് മാസത്തിന് ശേഷമായിരുന്നു. പിന്നീട് അനിതയുടെ ജോലിയിൽ അധികം പ്രശ്നങ്ങളൊന്നുമില്ലാതെ മുമ്പോട്ട് പോയെങ്കിലും ജെയ്സൺന്റെ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ഭാര്യയുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടതിനാൽ സംഘടനകളെ ഉപയോഗിച്ച് വകുപ്പിൽ തന്നെയും പീഡിപ്പിച്ചതായി ജെയ്‌സൺ ആരോപിക്കുന്നു.

ജെയ്സന്റെ ഓഫീസിലെ ഡോക്ടറുമായി അനാവശ്യ തർക്കമുണ്ടാകുകയും തുടർന്ന് അത് മറ്റുള്ളവർ മുതലെടുക്കുകയും ചെയ്തതായി ജെയ്സൺ പറയുന്നു. തനിക്കെതിരെ തിരിഞ്ഞിരുന്ന ആളുകൾ ഇത് മുതലെടുക്കാൻ ശ്രമിച്ചു. വീണ്ടും തനിക്കെതിരെ മെമോ ലഭിച്ചപ്പോൾ, സസ്പെൻഡ് ചെയ്യാൻ വേണ്ടിയുള്ള മുന്നൊരുക്കമാണ് ഇതെന്ന് മനസ്സിലാക്കി മലപ്പുറം കളക്ട്രേറ്റിന് മുമ്പിൽ ഒറ്റക്ക് സമരം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിന്ന് ജില്ലാ ഓഫീസർ വിളിപ്പിച്ച്, താൻ പറഞ്ഞ കാര്യങ്ങളൊക്കെ അംഗീകരിക്കാം എന്ന് വരുത്തിത്തീർത്ത് സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പ്രശ്നം ഒഴിവാക്കുക എന്നത് മാത്രമായിരുന്നു ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം. ആളുകൾ സമരത്തിന് വർധിച്ചു വരുന്നുവെന്ന് കണ്ടപ്പോഴായിരുന്നു ഡിപ്പാർട്ട്മെന്റിന് പേടി തുടങ്ങിയതെന്ന് ജെയ്സൺ ആരോപിച്ചു.

ജെയ്സൺന്റെ രാജിക്കത്ത്

കർഷകർ വഞ്ചിക്കപ്പെടുന്ന കാര്യങ്ങളായിരുന്നു കൂടുതലായും താൻ ഉയർത്തിയിരുന്നതെന്ന് ജെയ്സൺ പറയുന്നു. പലരും പറയാൻ മടിച്ച വിഷയങ്ങൾ താൻ പറഞ്ഞതിലുള്ളതിലുള്ള ദേഷ്യമായിരുന്നു. തുടർന്ന് വനിതാ വെറ്ററിനറി സർജനെ കയറിപ്പിടിച്ചു എന്ന് ചൂണ്ടിക്കാട്ടി തിരൂർ പോലീസിൽ പരാതി നൽകി. കുറ്റിപ്പുറം ആശുപത്രിയിൽ ഭാര്യപിതാവിന്റെ ചികിത്സയ്ക്കായി പോയപ്പോൾ എസ്.ഐ. അടക്കം ആറോളം പോലീസുകാർ വളഞ്ഞിട്ട് ആശുപത്രിയിൽ നിന്ന് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. ഫെബ്രുവരി 13-ന് അറസ്റ്റുചെയ്ത് ഏഴുദിവസം ജയിലിലടച്ചു. അറസ്റ്റ് ചെയ്തതിന് ശേഷം ഭാര്യ ജോലിക്ക് പോയിട്ടില്ലെന്നും ജോലി വേണ്ടെന്നുമാണ് ഭാര്യ പറഞ്ഞിരുന്നതെന്നും ജെയ്സൺ പറയുന്നു.

അനിതയുടെ രാജിക്കത്ത്

'ഇതൊക്കെ താൻ കാരണം ആണല്ലോ സംഭവിച്ചത് എന്ന തോന്നലാണ് അവൾക്ക്. അവളേയും കുട്ടിയേയും ഞാൻ നോക്കും എന്ന ബോധ്യം അവൾക്കുണ്ട്' ജെയ്സൺ പറയുന്നു. ഇതിനിടെ തനിക്ക് സ്ഥിരതയില്ലെന്ന് പറഞ്ഞ് പരത്താനുള്ള ശ്രമം ഉണ്ടായതായി ജെയ്സൺ പറഞ്ഞു. തുടർന്ന് ഫേസ്ബുക്കിൽ അക്കൗണ്ട് ആരംഭിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ അതുവരെ ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയതോടെ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിത്തുടങ്ങി എന്ന് ജെയ്സൺ പറയുന്നു.

'മേലുദ്യോഗസ്ഥർക്ക് വേണ്ടത് വാലാട്ടികളായി നിന്ന് അടിമപ്പണി ചെയ്യുന്നവരേയാണ്. അത്തരക്കാർക്ക് വീട്ടിലിരുന്നാലും ശമ്പളം അവർ എത്തിക്കും. ഞാൻ കാശുണ്ടാക്കാൻ വേണ്ടി ഡോക്ടർ വിളി ആസ്വദിക്കുന്ന ഒരാളല്ല. എന്നെ ഡോക്ടർ എന്ന് പോയിട്ട് സാർ എന്ന് പോലും ഒരാളെയും വിളിക്കാൻ സമ്മതിക്കാറില്ല. ജെയ്സൺ എന്ന് വിളിക്കാനാണ് പറയാറ്. ഞാൻ കർഷകരോട് പറയാറുള്ളത് 'നിങ്ങൾ മിണ്ടാ പ്രാണികളെ വളർത്തുന്നത് കൊണ്ടാണ് ഞങ്ങൾക്ക് ജോലിയുള്ളത്. നിങ്ങളുടെ നികുതി പണമാണ് ഞങ്ങളുടെ ശമ്പളം'. ഈ അവകാശബോധം കർഷകരിൽ ഉണ്ടാക്കാനാണ് കഴിഞ്ഞ 19 വർഷം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ ഡിപ്പാർട്ട്മെന്റിൽ കിറുക്കനായി മാറിയത്"

പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കെ.ടി. ജലീലിനെ പോയി കണ്ടിരുന്നു. ആദ്യ തവണ ഒത്തുതീർപ്പിനായി അയച്ച വോയിസ് സന്ദേശത്തിൽ ജലീൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോയി കണ്ടത്. ഓഫീസിൽ നിന്ന് സസ്പെൻഡ് ചെയ്തപ്പോൾ ജലീലിന്റെ വീട്ടിൽ പോയി കണ്ടിരുന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'മേലുദ്യോഗസ്ഥർ പറയുന്നത് അനുസരിച്ചാൽ പോരേ' എന്നായിരുന്നു. എന്നാൽ മേലുദ്യോഗസ്ഥ എന്ത് പറഞ്ഞു എന്ന് അദ്ദേഹം അന്വേഷിച്ചില്ലെന്നും അത് കർഷകരെ വഞ്ചിക്കാനാണ് പറഞ്ഞതെന്നും ജെയ്സൺ പറയുന്നു.

'സകല സർക്കാർ ഓഫീസുകളിലും ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാനുള്ള സാഹചര്യം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബോധപൂർവ്വം ഇല്ലാതാക്കുകയാണ്. എന്നിട്ട് ഒരു ഇടനിലക്കാരനെ കൊണ്ട് വരും. ഇടനിലക്കാർക്ക് സാമ്പത്തിക താത്പര്യത്തിനപ്പുറം വേറൊരു കടപ്പാടിന്റെ സ്ഥിര നിക്ഷേപം ജനങ്ങളിൽ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തും. ഇത് തിരഞ്ഞെടുപ്പിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയാണ്. ഉദ്യോഗസ്ഥ - രാഷ്ട്രീയ കൂട്ടുകെട്ട് വഞ്ചിക്കുകയാണ് ജനങ്ങളെ. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്താണ് മേലുദ്യോഗസ്ഥ പറഞ്ഞത് എന്ന് ജലീൽ നോക്കണ്ടേ?'

പാർട്ടി നേതാക്കളൊക്കെ വന്ന് ഇനി മേലിൽ പ്രശ്നം ഉണ്ടാക്കരുത് എന്നാണ് ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 വർഷമായി പറയാൻ വീർപ്പുമുട്ടിയ കാര്യങ്ങളൊക്കെയാണ് ഇതെന്നും ജെയ്സൺ കൂട്ടിച്ചേർത്തു.

നിലവിൽ സസ്പെൻഷനിലുള്ള ജെയ്‌സൺ ജില്ലാ മൃഗസംരക്ഷണ ഓഫീസിലേക്കും അനിതാ മേരി സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്കുമാണ്‌ രാജിക്കത്ത് ഇ-മെയിൽ ചെയ്തത്. ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യം വകുപ്പിൽ ഇല്ലെന്ന് ബോധ്യമായെന്നും അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെൻഷൻ പിൻവലിക്കുന്ന മുറയ്ക്ക് രാജി സ്വീകരിക്കണമെന്നുമാണ് ജെയ്‌സണിന്റെ കത്തിലെ ഉള്ളടക്കം. ആത്മാഭിമാനത്തോടെ ജോലിയിൽ തുടരാൻ കഴിയുന്നില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതുമൂലം ഭർത്താവ് വേട്ടയാടപ്പെടുന്നുവെന്നും അനിതാ മേരിയുടെ രാജിക്കത്തിൽ പറയുന്നു.

'കടലിലും കായലിലും പണിക്കു പോയിട്ടുള്ള ആളാണ്. കൂലിപ്പണി എടുത്തായാലും ജീവിക്കും. അന്നം മുട്ടിക്കാനൊന്നും പറ്റത്തില്ലാല്ലോ'

മലപ്പുറത്ത് നിർമ്മിച്ച വീടും സ്ഥലവും വിറ്റ് ആലപ്പുഴയിലേക്ക് തന്നെ തിരിച്ചു പോകാനാണ് ജെയ്സൺന്റേയും കുടുംബത്തിന്റേയും തീരുമാനം. കുട്ടിയുടെ സ്കൂളിലെ പരീക്ഷ കഴിയുന്നതോടെ എല്ലാം ഒഴിവാക്കി ഇവിടെ നിന്ന് പോകുമെന്ന് ജെയ്സൺ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

കെ.ടി. ജലീൽ| Photo: Mathrubhumi

എന്നാൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നും അവിടെ ഇല്ല എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. ആരോപണങ്ങൾ ആർക്കുവേണമെങ്കിലും ഉന്നയിക്കാൻ സാധിക്കുമെന്നും മേട്രനെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ജലീൽ പറഞ്ഞു. സംഭവത്തിൽ ഒരു ഘട്ടത്തിൽ പോലും ഇടപെട്ടിട്ടില്ലെന്ന് മാത്രമല്ല പ്രയാസപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ പ്രതിരോധിച്ചിട്ടേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ആരോപണവിധേയനായ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു. പരാതികൾ ഇപ്പോഴും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നിലനിൽക്കുന്നുണ്ട്. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി എന്നതിനാണ് ജെയ്സണെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും കെ.ടി ജലീൽ പറഞ്ഞു. പെൺകുട്ടിയെ രാജിവെപ്പിക്കേണ്ട യാതൊരു സാഹചര്യവും ഇല്ല. ഇവർക്കെതിരെ ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kerala couple announces resignation from govt service alleging harassment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena george

1 min

പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

Jun 9, 2023


rajeev chandrasekhar

കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരം, സാഹചര്യം വ്യക്തമാക്കണം- കേന്ദ്രമന്ത്രി

Jun 9, 2023


vidya

1 min

വഴിവിട്ട സഹായം, സംവരണ അട്ടിമറി; വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും

Jun 8, 2023

Most Commented