തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനും സണ്ണി ജോസഫും. കോണ്‍ഗ്രസ് പാര്‍ട്ടി അടിമുടി മാറേണ്ടതുണ്ടെന്ന് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ശക്തമായ കൂട്ടുനേതൃത്വമില്ലാത്തതിന്റെ പോരായ്മകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സാധിച്ചില്ല. നേതൃത്വത്തിന്റെ പിടിപ്പുകേട് സംഘടനയെ ദുര്‍ബലമാക്കിയെന്നും ഇരുവരും അഭിപ്രായപ്പെട്ടു. 

കെപിസിസിക്ക് ആസൂത്രണസ്വഭാവമില്ലാതായിപ്പോയി. ഈ രീതി മാറ്റണം. കേഡര്‍ സ്വഭാവത്തിലുള്ള സംഘടനയായി കോണ്‍ഗ്രസിനെ മാറ്റണം. മറ്റ് നേതാക്കളെയൊന്നും വിശ്വാസത്തിലെടുക്കാതെ എല്ലാം സ്വയം ചെയ്യുന്ന നേതൃത്വമാണ് കെപിസിക്ക് ഉള്ളത്. എല്ലാം ഡല്‍ഹിയില്‍ നിന്ന് വരേണ്ട കാര്യമില്ല. പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്തണം. അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. പ്രാദേശികമായി പരിപാടികള്‍ ആസൂത്രണം ചെയ്ത് അത് ഇവിടെ നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. പാര്‍ട്ടി നേതൃത്വത്തിന്റെ മേല്‍നോട്ടം മാത്രമേ ഇതിന് ആവശ്യമുള്ളൂ. എല്ലാ കാര്യത്തിനും മുകളില്‍ നിന്ന് ഇടപെടേണ്ട കാര്യമില്ല. ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസിയെ വരെ ശക്തിപ്പെടുത്തണമെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.  പല അഴിമതികള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അത് ചര്‍ച്ചയാക്കാനും ജനങ്ങളിലക്കെത്തിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജയിക്കും. പാര്‍ട്ടിയിലെ പരമ്പരാഗത രീതി മാറണം. മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ കൂട്ടുനേതൃത്വം ഉണ്ടാവണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ തെളിയിക്കപ്പെട്ട ആരോപണങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനും ചര്‍ച്ചയാക്കാനും പാര്‍ട്ടി ഘടകങ്ങള്‍ക്ക് പൂര്‍ണമായും സാധിച്ചില്ലെന്ന് സണ്ണി ജോസഫും വിമര്‍ശിച്ചു. 

പോരായ്മകളുടെ പേരില്‍ ഒരു വ്യക്തിക്കെതിരെ മാത്രമല്ല വിമര്‍ശനം. സംഘടനാ സംവിധാനത്തിനാണ് പ്രശ്‌നം. ഗ്രൂപ്പ് കളികളുടെ അതിപ്രസരവും ചിലരുടെ വ്യക്തിതാല്‍പര്യങ്ങളുമെല്ലാം തിരിച്ചടിയായി. കുറച്ചുകൂടി കരുത്തുറ്റ നേതൃത്വത്തെ കൊണ്ടുവരേണ്ടതുണ്ട് ഇനി. നിയമസഭയില്‍ പ്രതിപക്ഷം വളരെ ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ ഇതാണ് അഭിപ്രായം. 

കെ സുധാകരന്‍ വളരെ കാര്യക്ഷമമായി ഇടപെടുന്ന, ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. നേതൃനിരയിലേക്ക് എത്തിക്കണം. അത് പലരുടേയും ആവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlights: Kerala Congress Party Internal conflicts