കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ. മാണി വിഭാഗത്തിന്റെ കത്ത്. സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാന്‍ പിജെ ജോസഫിനോട് നിര്‍ദേശിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്. പി.ജെ.ജോസഫ് വിഭാഗത്തിന് വേണ്ടി കത്ത് നല്‍കിയ ജോയ് എബ്രഹാമിന് പ്രത്യേക അധികാരങ്ങളില്ലെന്നും കത്തില്‍ പറയുന്നു.

കെ.എം മാണിയുടെ മരണശേഷം സംസ്ഥാന കമ്മിറ്റി ചേരുകയോ പുതിയ ചെയര്‍മാനെ ഇതുവരെ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള പ്രധാന സമിതിയായ സംസ്ഥാന  കമ്മിറ്റി ഇതുവരെ വിളിച്ചുചേര്‍ക്കാന്‍ പി.ജെ. ജോസഫ് തയ്യാറായിട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പി.ജെ ജോസഫിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നേരത്തെ സംഘടനാ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്ത് നല്‍കിയിരുന്നു. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പി. ജെ. ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങളുണ്ടെന്ന് ആ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം. ജോയ് എബ്രഹാമിന്റെ ഈ കത്തിനെ പ്രതിരോധിക്കുക എന്നതാണ് ഇപ്പോള്‍ ജോസ് ക. മാണി വിഭാഗം തിരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ പുതിയ കത്തിന്റെ ഉദ്ദേശ്യം. 

ജോയ് എബ്രഹാമിന് പ്രത്യേക അധികാരങ്ങളില്ലെന്നും പാര്‍ട്ടിയുടെ 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ് ജോയ് എബ്രഹാം എന്നും ഇപ്പോള്‍ നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. അതേസമയം മാണിവിഭാഗത്തിനൊപ്പമുള്ള സി.എഫ് തോമസ് കത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പി.ജെ.ജോസഫും മോന്‍സ് ജോസഫുമാണ് മറ്റ് രണ്ട് എംഎല്‍എമാര്‍.

സമവായം അസാധ്യമാകുകയും കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കു നീങ്ങുകയും ചെയ്യുന്നതായാണ് സൂചന.

Content Highlights: Kerala Congress, K.M Mani faction sends letter, Electon Commission against PJ Joseph