കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവ് ലംഘിച്ച് ജോസ് കെ.മാണി. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹം ചെയര്‍മാന്റെ മുറിയില്‍ പ്രവേശിക്കുകയും മുറിക്ക് പുറത്ത് ചെയര്‍മാന്‍ താനാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും സ്ഥാപിച്ചു. ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്ത് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകമായിരുന്നു അദ്ദേഹത്തിന്റെ നാടകീയനീക്കങ്ങള്‍.  പാര്‍ട്ടി ആസ്ഥാനത്തെ ചെയര്‍മാന്റെ മുറി ഉപയോഗിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിട്ടുണ്ടെങ്കിലും ഈ ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജോസ് കെ.മാണിയുടെ നിലപാട്. 

കഴിഞ്ഞദിവസം ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഈ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം അംഗങ്ങള്‍ തൊടുപുഴ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന സ്ഥിതിതുടരണമെന്ന് നിര്‍ദേശിച്ച് ജോസ് കെ.മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്‌റ്റേ ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. 

അതേസമയം, കഴിഞ്ഞദിവസം ചേര്‍ന്ന യോഗം അനധികൃതമാണെന്നും ഒരു ആള്‍ക്കൂട്ടം ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്നുമായിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണം. ചിലര്‍ കേരള കോണ്‍ഗ്രസ് വിട്ടുപോയെന്നും നിലവില്‍ താനും സി.എഫ്. തോമസും തോമസ് ഉണ്ണിയാടനും ജോയ് എബ്രഹാമും മോന്‍സ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: Kerala Congress M Splits, Jose K Mani Arrives in Party office as Chairman