ജോസ് കെ മാണി | ഫോട്ടോ: ഇവി രാഗേഷ് | മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി അധികദിവസങ്ങളില്ല. ആറ് മാസത്തിനകം നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ്. ജോസ് കെ. മാണിയുടെ ചേരിമാറ്റം രാഷ്ട്രീയസമവാക്യങ്ങളില്‍ എന്ത് ചലനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴയുടേയും എറണാകുളത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇതിന്റെ ചലനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കാണാം.
ഏതൊക്കെ നേതാക്കള്‍ എവിടെയൊക്കെ ഉറച്ചുനില്‍ക്കും എന്ന് അറിഞ്ഞാല്‍ മാത്രമേ നിയമസഭാ സീറ്റിലെ ജയപരാജയങ്ങളെ ബാധിക്കുന്നത് എങ്ങനെ വിലയിരുത്താനാകൂ. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പിലാകും ജോസിന്റെ വരവ് ഇടതിന് കൂടുതല്‍ ഗുണം ചെയ്യുക. യു.ഡി.എഫില്‍ ജോസഫിനൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ ഇടതിനൊപ്പം ചേരുമ്പോള്‍ മത്സരിക്കാന്‍ കഴിയും എന്നതാണ് ജോസ് പക്ഷത്തെ രണ്ടാംനിര നേതാക്കള്‍ ഉറ്റുനോക്കുന്നത്.
തുടര്‍ഭരണം എന്ന എല്‍.ഡി.എഫ്. സ്വപ്നത്തിലേക്കുള്ള ഉറച്ചകല്ലായിട്ടാണ് ജോസിനേയും കൂട്ടരേയും സി.പി.എമ്മും പിണറായിയും കാണുന്നത്. മധ്യതിരുവതാംകൂറില്‍, പ്രത്യേകിച്ച് ക്രൈസ്തവസമൂഹത്തില്‍ സ്വാധീനം മെച്ചപ്പെടുത്താനും പ്രബലമായ കേരള കോണ്‍ഗ്രസിന്റെ വരവ് മുതല്‍കൂട്ടാകുമെന്ന് സി.പി.എം. കണക്കുകൂട്ടുന്നു. സി.പി.ഐ. ഇപ്പോഴും ജോസിന്റെ ശക്തിയില്‍ സംശയം തീര്‍ന്നിട്ടില്ല.
ജോസ് പക്ഷത്തിന്റെ വരവോടെ കാലങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് പോകുന്നതാണ് സി.പി.ഐയുടെ പ്രധാന എതിര്‍പ്പിന് കാരണം. പ്രത്യേകിച്ച് കാനത്തിന്റെ ജന്മനാട് ഉള്‍പ്പെടുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ജയരാജിന്റെ കാഞ്ഞിരപ്പള്ളിയും റോഷിയുടെ ഇടുക്കിയും എല്‍.ഡി.എഫ്. ഈ മുന്നണിമാറ്റത്തോടെ പിടിച്ചെടുക്കാമെന്ന് കരുതുന്നു. തിരുവല്ലയും ഏറ്റുമാനൂരും ഒന്നുകൂടി ഉറപ്പിക്കാമെന്ന് എല്‍.ഡി.എഫ്. ഉന്നമിടുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയത്തും ജോസഫ് പക്ഷത്തിന് എത്രകണ്ട് വിള്ളലുണ്ടാക്കാനാകുമെന്ന് കണ്ടറിയണം. പി.സി ജോര്‍ജിന്റെ എന്‍ഡിഎ മോഹം പാതി വിഴിയില്‍ പിരിഞ്ഞ സാഹചര്യത്തില്‍ പൂഞ്ഞാര്‍ പിടിച്ചെടുക്കാനുള്ള എല്‍.ഡി.എഫ്. നീക്കങ്ങള്‍ക്കും ജോസിന്റെ വരവ് സഹായിക്കുമെന്നാണ് ഇടത് കേന്ദ്രത്തിന്റെ പ്രതീക്ഷ. സി.എഫ്. തോമസ് ഇല്ലാത്ത ചങ്ങനാശ്ശേരി പിടിച്ചെടുക്കാനും സുവര്‍ണാവസരമായി സി.പി.എം. ലക്ഷ്യമിടുന്നു. മറുവശത്ത് ഉറച്ചകോട്ടയായ കടുത്തുരുത്തിയിലും യു.ഡി.എഫ്. വോട്ടുകളില്‍ ചില വിള്ളല്‍ ഇത് വരുത്തിയേക്കാം. ഇടുക്കിയിലെ ചില സീറ്റുകള്‍ തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ജോസിന്റെ പോക്ക് ക്ഷീണമുണ്ടാക്കിയേക്കും.
യു.ഡി.എഫിലായിരിക്കുമ്പോഴും കേരളകോണ്‍ഗ്രസും കോണ്‍ഗ്രസും പരസ്പരം കാലുവാരല്‍ ആരോപിക്കാറുണ്ട്. പ്രത്യേകിച്ച് പാലാ അടക്കമുള്ള സീറ്റുകളില്‍. കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ കഴിയുന്നത് നേട്ടമാകുമെന്നാണ് ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടും ജില്ലയിലെ അഞ്ച് സീറ്റില്‍ കേരള കോണ്‍ഗ്രസാണ് മത്സരിച്ചുവന്നത്. ജോസഫ് പക്ഷം അവകാശമുന്നയിച്ചാലും, ഇതില്‍ ഒന്നോ ഏറിയാല്‍ രണ്ട് സീറ്റില്‍ കൂടുതല്‍ ഇനി ജോസഫ് പക്ഷത്തിന് അടുത്ത തവണ കോണ്‍ഗ്രസ് കൊടുക്കാനിടയില്ല.
മിക്കവാറും റോഷി ജയിച്ച ഇടുക്കി ജോസഫിന് കൊടുത്തേക്കാം അവിടെ ഫ്രാന്‍സിസ് ജോര്‍ജിനെ ജോസഫ് നിര്‍ത്താനുമാണ് സാധ്യത. ചാലക്കുടി സീറ്റില്‍ ജോസിനെ വിട്ട് ജോസഫിനൊപ്പം നില്‍ക്കുന്ന ഉണ്ണിയാടനും സീറ്റ് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകള്‍ക്ക് പുറമെ ചാലക്കുടിയും ഇടുക്കിയും ജോസഫിന് യു.ഡി.എഫ്. നല്‍കിയേക്കും.
പാലായില്‍ മാണി സി. കാപ്പനെ അടര്‍ത്തിയെടുക്കാനുള്ള നീക്കം ഫലം കണ്ടില്ലെങ്കില്‍ പാലാ അല്ലെങ്കില്‍ ചങ്ങനാശ്ശേരി സീറ്റും ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പാണ് സെമിഫൈനല്‍. അവിടെ കരുത്ത് കാട്ടുന്നവര്‍ ആരായും ജോസോ ജോസഫോ അവര്‍ക്ക് നിയമസഭാ സീറ്റില്‍ വിലപേശല്‍ ശേഷി കൂടും. കോട്ടയത്ത് ലഭിച്ചിരിക്കുന്ന അധിക സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികള്‍ കുപ്പായം തയിച്ച് നീക്കം തുടങ്ങിയിട്ടുണ്ട്.
Content Highlight: Kerala Congress (M) LDF Entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..