
പാര്‍ട്ടി പിളര്‍ന്നെന്ന് കേട്ടാല്‍ മാത്തച്ചനെപ്പോലുള്ള പ്രവര്‍ത്തകര്‍ അന്നുമിന്നും ഞെട്ടാറേയില്ല. മീമാംസകാരനായ മാണിസാറിന്റെ ആഹ്വാനം ശിരസ്സാവഹിച്ച് അവര്‍ അപ്പോള്‍ അളവുകോലുകള്‍ തേടിപ്പുറപ്പെടുകയും പാര്‍ട്ടിക്ക് പിളര്പ്പിലൂടെയുണ്ടായ വളര്‍ച്ച അളന്ന് തിട്ടപ്പെടുത്തുകയുമാണ് ചെയ്യുക. എത്രാമത്തെ പിളര്‍പ്പെന്ന് അന്വേഷിക്കാറുമില്ല. കേ.കോ. പിളരുന്നുവെന്ന വാര്‍ത്തകള്‍ പണ്ടൊക്കെ ഇംഗ്ലീഷ് അക്ഷരമാലയ്ക്ക് പേടിസ്വപ്നമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഏതക്ഷരമാണ് പിടിയിലാവുക എന്നുപറയാനാവില്ലല്ലോ.
ഇതൊരു പാര്‍ട്ടിയാണോ സര്‍ക്കസ് കമ്പനിയാണോ? ചില ദുര്‍ബല നിമിഷങ്ങളില്‍ മാത്തച്ചന് ഇങ്ങനെ ആലോചിച്ചിട്ടുണ്ട്. കേ.കോ. സര്‍ക്കസ് കമ്പനിയെന്ന് വിളിക്കാനാണ് അദ്ദേഹം സ്വകാര്യമായി ഇഷ്ടപ്പെടുന്നത്. ഇത്രയേറെ മെയ്വഴക്കവും ഇത്രയേറെ അഭ്യാസവും കാഴ്ചവെക്കാന്‍ കഴിഞ്ഞ മറ്റൊരു പ്രസ്ഥാനമുണ്ടോ ഇന്നാട്ടില്!
മാത്തച്ചന് ഒരുകാര്യത്തില്‍ അഭിമാനിക്കാം. കേ.കോ. പിളരാന്‍ തീരുമാനിച്ചാല്‍ ലോകത്തൊരു ശക്തിക്കും തടയാന്‍ പറ്റില്ലെന്നത് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. മഹാമാരിക്കുപോലും അത് ചെറുക്കാനായില്ല. എല്ലാറ്റിനും തടയിടുന്ന കോവിഡിന്റെ തേര്വാഴ്ചയ്ക്കുമുന്നിലാണല്ലോ ആ ജൈവിക പ്രക്രിയ അഭംഗുരം നടന്നത്. എല്‍.ഡി.എഫിലായിരുന്ന ജോസഫിനെ മാണിപക്ഷത്തേക്ക് ക്ഷണിച്ചുവരുത്തി ലയിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഇത്തരമൊരു മ്യൂട്ടേഷന് വരുമെന്ന് മനസ്സിലാക്കാന്‍ മസ്തിഷ്ക സമ്പന്നനായ മാണിസാറിന് കഴിഞ്ഞിരുന്നില്ലേ? മാത്തച്ചന് അതൊരു ദുരൂഹതയാണിപ്പോഴും.
മുന്നോട്ടുള്ള പോക്ക് എന്താവും? എല്‍.ഡി.എഫില്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ മൂന്ന് കഷണങ്ങളുണ്ട്. ജനാധിപത്യ കേ.കോ., ബാലകൃഷ്ണപിള്ളയുടെ കേ.കോ.ബി. പിന്നെ സ്കറിയാ തോമസിന്റെ കഷണവും. എന്‍.ഡി.എ.യിലുമുണ്ട്, പി.സി.തോമസിന്റെ കഷണം. 'ആരുവാങ്ങുമിന്നാരുവാങ്ങുമീ ഇമ്മിണി വല്യ കഷണം...' മാത്തച്ചന് കവിത മൂളി.
പാര്‍ട്ടിയുടെ പിളര്പ്പന് പാരമ്പര്യത്തില്‍ അഭിമാനംകൊള്ളുന്ന എല്ലാവര്ക്കും ആകാംക്ഷയുണ്ടാക്കാന്‍ പോന്ന കാലമാണ് വരാന്‍ പോകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ്. പഞ്ചായത്തുതോറും പ്രസിഡന്റ് പദവിയെക്കുറിച്ച് കലഹിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും പാര്‍ട്ടിയുടെ വളര്‍ച്ച? ഒരു വാര്‍ഡിന് ഒരു കേരള കോണ്‍ഗ്രസ് എന്ന സുഭിക്ഷ കേരള കോണ്‍ഗ്രസ് പദ്ധതി നടപ്പുവര്‍ഷംതന്നെ യാഥാര്‍ഥ്യമാകും.
ഇങ്ങനെയൊക്ക നിനയ്ക്കുമ്പോഴും ഈ വ്യാകുലതകളെല്ലാം വ്യര്‍ഥമാണെന്നും മാത്തച്ചന് തിരിച്ചറിയാതിരിക്കുന്നില്ല. കേ.കോ. നാളെ ഒന്നാകില്ലെന്നും വീണ്ടും രണ്ടാകില്ലെന്നും ആരുകണ്ടു? ജോസ് കെ. മാണി യു.ഡി.എഫിലും ജോസഫ് എല്‍.ഡി.എഫിലുമെത്താം.
രണ്ടുപേരും ഒരേമുന്നണിവള്ളിയില് തൂങ്ങി ഊയലാടുന്നതും കാണാം. വലിയുന്നതില്‍ മാത്രമല്ല, പൂര്‍വസ്ഥിതി പാലിക്കുന്നതിലും കേ.കോ.യെ ഒരുശക്തിക്കും തടയാനാവില്ല. മാത്തച്ചന് അതുറപ്പുണ്ട്.
Content Highlight: Kerala Congress(M) crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..