കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം. മാണി അതീവ ഗുരുതരാവസ്ഥയില്‍. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും പാടെ കുറഞ്ഞു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയത്ത് നിന്ന് മകന്‍ ജോസ്.കെ.മാണി എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ഭാര്യയും പെണ്‍മക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ഞായറാഴ്ച കെ.എം. മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായ അദ്ദേഹത്തെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlights: Kerala Congress (M) chairman and former state minister KM Mani's health is deteriorating