കോട്ടയം: സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരേ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയില്‍ വിമര്‍ശനം. പുറത്തുവന്ന റിപ്പോര്‍ട്ട് ബാലിശമാണ്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ സിപിഐ സ്ഥിരീകരിച്ചാല്‍ അതിനുള്ള മറുപടി കേരള കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ നല്‍കും. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും എല്‍ഡിഎഫ് ജയിച്ചതെന്നും കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് യോഗത്തിന് ശേഷം പ്രതികരിച്ചു. 

തിരഞ്ഞെടുപ്പ് പരാമര്‍ശങ്ങള്‍ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ സിപിഐയുടേതല്ലെങ്കില്‍ അവ നിഷേധിക്കാനുള്ള ബാധ്യത സിപിഐ നേതൃത്വത്തിനുണ്ട്. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പലരും പല തിരഞ്ഞെടുപ്പിലും തോറ്റവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് എടുക്കുകയും പരാജയപ്പെടുന്ന സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെക്കുകയും ചെയ്യുന്നത് തികച്ചും പാപ്പരത്തമാണ്. മുന്നണി മാറിയിട്ടും സിപിഐയ്ക്ക് കേരള കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. 

ജോസ് കെ. മാണിയുടെ പാലായിലെ തോല്‍വിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്മയാണ്, കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്കു മാറിയതിന്റെ ഗുണം എല്‍.ഡി.എഫിന് ഉണ്ടായിട്ടില്ല, കേരള കോണ്‍ഗ്രസും എല്‍.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെങ്കിലും അത് എല്‍.ഡി.എഫിന് വോട്ടായി മാറിയില്ല, കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോണ്‍ഗ്രസിന്റെ ശക്തി ബോധ്യമായി, പാലായില്‍ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാര്‍ട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കില്‍ ജയിക്കുമായിരുന്നു എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Content Highlights: Kerala Congress M against CPI Election analysis Report