വി.ഡി.സതീശൻ, കെ.സുധാകരൻ, ജോസ് കെ. മാണി, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
കോട്ടയം: രണ്ടുവര്‍ഷംമുമ്പ് നഷ്ടപ്പെടുത്തിയതും 39 വര്‍ഷത്തിനുശേഷം സി.പി.എം. സ്വന്തമാക്കിയതും വലിയൊരു സമ്പാദ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചറിയാന്‍ വൈകി. ഇടതുമുന്നണിയിലെത്തി രണ്ടുവര്‍ഷത്തിനുശേഷം കേരള കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് മധ്യകേരളത്തിന്റെ രാഷ്ട്രീയത്തില്‍ അവര്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിത്തന്നെ.
യു.ഡി.എഫില്‍നിന്ന് കേരള കോണ്‍ഗ്രസിനെ പടിയിറക്കിയ ബെന്നി ബെഹന്നാന്റെ പ്രസ്താവന വന്നപ്പോള്‍ത്തന്നെ സി.പി.എം. കരുനീക്കം നടത്തിയിരുന്നു. അന്ന് കോട്ടയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന്‍ നടത്തിയ രാഷ്ട്രീയനീക്കങ്ങളാണ് കേരള കോണ്‍ഗ്രസിനെ ഇടതുപാളയത്തിലെത്തിച്ചത്. അന്നത്തെ തീരുമാനം തെറ്റായെന്ന് പരോക്ഷമായി കോണ്‍ഗ്രസ് സമ്മതിക്കുമ്പോള്‍, കേരള കോണ്‍ഗ്രസിന് പറയാനുള്ളത് ഒന്നേയുള്ളൂ: തങ്ങള്‍ ഹാപ്പിയാണ്; കോണ്‍ഗ്രസ് വൈകിപ്പോയി എന്നും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എം കൈവശം വെച്ചിരിക്കുന്ന വോട്ടിന്റെ ശേഖരം സി.പി.എമ്മിനെ എക്കാലത്തും അലോസരപ്പെടുത്തിയിരുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷമുള്ള കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിനെ വള്ളപ്പാടുകള്‍ മുന്നിലാക്കിയിരുന്നത് കേരള കോണ്‍ഗ്രസ് വോട്ടുകളും അവരുടെ സ്വാധീനവുമാണെന്ന് സി.പി.എം. വിലയിരുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വി.എന്‍.വാസവന്‍തന്നെയാണ് ഇവിടെ പരാജയപ്പെട്ടതും.
ഈ തിരിച്ചറിവാണ് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഇടതിലേക്ക് വഴിതുറന്നത്. ഒന്നാം നായനാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ 1981 ഒക്ടോബര്‍ 20-ന് മാണി ഗ്രൂപ്പ് പിന്‍വലിച്ചശേഷം കേരള കോണ്‍ഗ്രസ് എം ഐക്യമുന്നണിയിലായിരുന്നു. തദ്ദേശത്തില്‍ ഇതേവരെ മുന്നണി വിജയിക്കാത്ത പാലാപോലുള്ള മുനിസിപ്പാലിറ്റികളും കോട്ടയം ജില്ലാ പഞ്ചായത്തും ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയടക്കമുള്ള പല പഞ്ചായത്തുകളും ചുവന്നു.
ആ നേട്ടമാണ് അസംബ്ലിയില്‍ 13 സീറ്റെന്ന വലിയ പരിഗണന സമ്മാനിച്ചത്. പ്രാദേശിക എതിര്‍പ്പ് വന്നതിനാല്‍ മത്സരം 12 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും സി.പി.എം. തന്ന അംഗീകാരം വലുതായിരുന്നുവെന്ന് ജോസ് കെ.മാണിതന്നെ സമ്മതിച്ചു. അഞ്ചിടത്താണ് പാര്‍ട്ടി വിജയിച്ചത്.
ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, റാന്നി, തിരുവല്ല, ഇടുക്കി, പിറവം, കടുത്തുരുത്തി, കോതമംഗലം, തിരുവമ്പാടി, കുറ്റ്യാടി, ചാലക്കുടി, ഇരിങ്ങാലക്കുട, ഇരിക്കൂര്‍, പേരാമ്പ്ര, തൊടുപുഴ തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപോക്കറ്റ് വികസിപ്പിച്ചു.
ജയാപജയങ്ങള്‍ക്കപ്പുറം ഓരോ അധികവോട്ടും നിക്ഷേപമായാണ് സി.പി.എം. വിലയിരുത്തിയത്. ഇടതുമുന്നണിയില്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് മാന്യമായ പരിഗണനയാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറയുന്നു. ജോസഫ് വിഭാഗം ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പറയാതെ പറയുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സ്വാഗതംചെയ്തത് എല്‍.ഡി.എഫിലെ അസംതൃപ്തരെ - പി.ജെ.ജോസഫ്
തൊടുപുഴ: യു.ഡി.എഫ്. വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.
കോണ്‍ഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്. യു.ഡി.എഫ്. വിട്ടുപോയവരെയല്ല, ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് കോണ്‍ഗ്രസ് സ്വാഗതംചെയ്തത്. കേരള കോണ്‍ഗ്രസ്(എം) എല്‍.ഡി.എഫില്‍ അതൃപ്തരാണോ എന്നകാര്യം അറിയില്ല.ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യു.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും മുന്നണിയെ സമീപിച്ചതായും അറിവില്ല. വരാന്‍ ആരെങ്കിലും തയ്യാറായാല്‍ സ്വാഗതംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിട്ടവര്‍ പോയത് അജന്‍ഡയോടെ - മോന്‍സ് ജോസഫ്
കോട്ടയം: യു.ഡി.എഫ്. വികസിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നതായി അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്. കോണ്‍ഗ്രസ് ശിബിരത്തില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. വിട്ടുപോയവര്‍ കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് പോയത്. ആരെയും പറഞ്ഞുവിട്ടിട്ടില്ല. മുന്നണി വികസിപ്പിക്കണമെന്നുതന്നെയാണ് പാര്‍ട്ടിയുടെ അഭിപ്രായം. അതിന് അവസരം വരുമ്പോള്‍ പറയും. എന്നാല്‍, തത്കാലം അനാവശ്യചര്‍ച്ചകള്‍ക്കില്ല. ഇടതുമുന്നണിയിലെ അതൃപ്തര്‍ ആരെന്ന് കേരള കോണ്‍ഗ്രസിന് അറിയില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ കെ.പി.സി.സി. വ്യക്തമാക്കണം-മോന്‍സ് പറഞ്ഞു.
Content Highlights: kerala congress happy in ldf-congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..