കൊച്ചി: മുന്നണിഭേദമില്ലാതെ 'മാണിസാര്‍' എന്ന വിളിപ്പേരില്‍ ബഹുമാനിക്കപ്പെട്ട, കേരളരാഷ്ട്രീയത്തിലെ അതികായന്‍ കെ.എം. മാണി (86) അന്തരിച്ചു. രാജ്യത്തുതന്നെ ഏറ്റവുംകൂടുതല്‍ കാലം നിയമസഭാ സാമാജികനും വിവിധ വകുപ്പുകളിലായി ദീര്‍ഘകാലം മന്ത്രിയുമായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍കൂടിയായ കെ.എം. മാണി.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.57-ന് ആയിരുന്നു അന്ത്യം.

എറണാകുളത്ത് മകളുടെ വസതിയില്‍ താമസിച്ചായിരുന്നു ചികിത്സ. ചികിത്സയുടെ ഭാഗമായി ഇടയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. ഞായറാഴ്ചയാണ് ഒടുവില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായി.

മൃതദേഹം ബുധനാഴ്ച രാവിലെ കോട്ടയത്തേക്ക് കൊണ്ടുപോകും. പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് സ്വദേശമായ പാലായിലെത്തിക്കും. വ്യാഴാഴ്ച മൂന്നുമണിക്ക് പാലാ കത്തീഡ്രലില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനകാര്യ മന്ത്രിയായും നിയമസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഭിഭാഷകനും കൂടിയായ മാണി ഒട്ടേറെ കൃതികളും രചിച്ചിട്ടുണ്ട്.

mani

ഏറ്റവും കൂടുതല്‍ കാലം മന്ത്രി, എറ്റവും കൂടുതല്‍ കാലം എംഎല്‍എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാള്‍ തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലുണ്ട്. 1964-ല്‍ പാലാ മണ്ഡലം രൂപീകരിച്ച് മുതല്‍ അവിടുത്തെ എം.എല്‍.എയാണ്. ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച വ്യക്തി കൂടിയാണ് മാണി. 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്.

chn
എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേ ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹൻ മാത്യു കെ എം മാണി അന്തരിച്ച വിവരം മധ്യമ പ്രവർത്തകരെ അറിയിക്കുന്നു. -ഫോട്ടോ: എം.വി. സിനോജ്‌.

കോണ്‍ഗ്രസിലൂടെയാണ് കരിങ്ങോഴക്കല്‍ മാണി മാണി എന്ന മാണി സാര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോര്‍ഡ്. 13 പ്രാവശ്യം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ.എം. മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി.പി. മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ജനക്ഷേമം ജനങ്ങളുടെ അവകാശം, കാര്‍ഷിക സമ്പദ്ഘടനയും കേരളവും, വികസനവും വിഭവശേഷിയും എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ:അന്നമ്മ(കുട്ടിയമ്മ), മകന്‍ ജോസ് കെ. മാണി രാജ്യസഭാ അംഗമാണ്. മറ്റുമക്കള്‍: എല്‍സ, ആനി, സാലി, ടെസ്സി, സ്മിത. മരുമക്കള്‍: നിഷ ജോസ് കെ. മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം.പി. ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

വ്യക്തിജീവിതം

* ജനനം: 1933 ജനുവരി 30

* കോട്ടയം മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകന്‍

* മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദം

* ഭാര്യ: കുട്ടിയമ്മ. മക്കള്‍: വത്സമ്മ, സാലി, ആനി, ജോസ് കെ. മാണി എം.പി., ടെസി, സ്മിത. മരുമക്കള്‍: ഡോ. തോമസുകുട്ടി കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം.പി. ജോസഫ്, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ (എറണാകുളം), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ജോര്‍ജ് ഇലവനാല്‍ (കോഴിക്കോട്), രാജേഷ് പീറ്റര്‍ കുരീത്തടം (എറണാകുളം), നിഷ നിരവത്ത് (ആലപ്പുഴ).

രാഷ്ട്രീയം

* അഭിഭാഷകനായിരിക്കേ, കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്.

* പിന്നീട് കോട്ടയം ഡി.സി.സി. സെക്രട്ടറി.

* പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ 1964-ല്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ അതില്‍ അംഗമായി.

* 1965-ല്‍ പാലാ നിയോജകമണ്ഡലം രൂപവത്കരിച്ചപ്പോള്‍മുതല്‍ എം.എല്‍.എ. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ 4703 വോട്ടിന് ജയിച്ചു

* 1975-ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പോടെ ആദ്യമായി മന്ത്രി. 1976-ല്‍ ആദ്യ ബജറ്റ് അവതരണം.

* ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ 2015-ല്‍ അവസാന ബജറ്റും അവതരിപ്പിച്ചു.

* 2016-ല്‍ ധനമന്ത്രിയായിരിക്കേ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു

* ധനവകുപ്പിനുപുറമേ, ആഭ്യന്തരം, റവന്യൂ, വൈദ്യുതി തുടങ്ങി സുപ്രധാനവകുപ്പുകളെല്ലാം കൈകാര്യംചെയ്തു

നാല് റെക്കോഡുകള്‍

1. രാജ്യത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - 13 തവണ

2. ഒരു മണ്ഡലത്തെത്തന്നെ ഏറ്റവുമധികംകാലം പ്രതിനിധാനംചെയ്ത ജനപ്രതിനിധി. പാലായില്‍നിന്ന് 13 വട്ടം ജയിച്ചു. 54 വര്‍ഷം എം.എല്‍.എ.

3. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍കാലം അംഗമായിരുന്ന വ്യക്തി. 2016 ഫെബ്രുവരിയില്‍ കെ.ആര്‍. ഗൗരിയമ്മയുടെ റെക്കോഡ് മറികടന്നു. അന്ന് 17,593 ദിവസം നിയമസഭയില്‍ പൂര്‍ത്തിയാക്കിയിരുന്നു

4. സംസ്ഥാനത്ത് കൂടുതല്‍കാലം മന്ത്രിയായിരുന്നയാള്‍. ഏഴുതവണയായി 24 വര്‍ഷം വിവിധ വകുപ്പുകള്‍ കൈകാര്യംചെയ്തു.

Content Highlights: kerala congress chairman km mani passes away