പിണറായി വിജയൻ, അമിത് ഷാ | Photo: Mathrubhumi, PTI
തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനവിഭാവനം ചെയ്യുന്ന രീതിയില്‍ എല്ലാ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടെന്ന് പിണറായി കോട്ടയത്ത് പറഞ്ഞു. ഇതാണോ കര്‍ണാടകയിലെ സ്ഥിതിയെന്ന് അമിത് ഷാ പരിശോധിക്കണം. എന്തപകടമാണ് കേരളത്തില്‍ അദ്ദേഹത്തിന് കാണാനായതെന്നും അമിത് ഷായുടെ മംഗളൂരുവിലെ പ്രസംഗത്തിന് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു.
'എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളത്? കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത് ഷാ പറഞ്ഞത്. പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്‍ത്തുന്നത്? കേരളത്തിന്റെ സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.'- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്ഥിതിയല്ല കര്‍ണാടകയിലെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ന്യൂനപക്ഷവിഭാഗങ്ങള്‍ വ്യാപകമായി ഇരയായെന്ന് കുറ്റപ്പെടുത്തി. കേരളം വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടായി നില്‍ക്കുകയാണ്. ഈ രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരളത്തിലും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത് ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത് ഷായുടെ പൂതി നടക്കില്ല. ബി.ജെ.പി. സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും നടക്കാത്ത ഏക ഇടം കേരളമാണ്. മറ്റെല്ലാ പ്രദേശത്തെയും പോലെ ഈ പ്രദേശത്തെയും മാറ്റിക്കളയാന്‍ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാകണം.'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ പുത്തൂരില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു കേരളം സുരക്ഷിതമല്ലെന്ന പരോക്ഷപരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്. കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ അമിത് ഷാ, നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, താന്‍ കൂടുതല്‍ ഒന്നും പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: kerala cm pinarayi vijayan replies to union home minister amit shah on karnataka comparision
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..