പിണറായി വിജയൻ | Photo: ANI
തിരുവനന്തപുരം: വിഴിഞ്ഞം അക്രമ സംഭവങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വിഴിഞ്ഞത്ത് നടന്നത് സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല, നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണ്. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'വികസനത്തിന് തടസമുണ്ടാക്കുന്ന നിക്ഷിപ്ത ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം കൂടി ഒത്തുകൂടുകയാണ്. ഇത് സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെന്ന് തെറ്റിധരിക്കേണ്ട. നാടിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ നോക്കുകയാണ്. ശാന്തിയും സമാധാനാവുമുള്ള നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.' - മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന് ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? ഇതെങ്ങോട്ടാണ് പോവുന്നത്? എന്ത് വികാരമാണ് ഇളക്കിവിടാന്‍ ശ്രമിക്കുന്നത്? ഇക്കൂട്ടര്‍ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടത്തി. പോലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്നു. എന്ത് പ്രകോപനമാണുണ്ടായത് ? പോലീസ് സ്റ്റേഷനകത്തുള്ള പോലീസുകാരന് ആക്രമിക്കപ്പെടുന്നു. അത് നേരത്തെ പ്രഖ്യാപിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഒരു തരത്തിലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങളാണ് നടക്കുന്നത്.
ആദ്യം പ്രഖ്യാപനം നടത്തുന്നു. ആ ആക്രമണം യാഥാര്‍ത്ഥ്യമാക്കുന്നു. അതിനുവേണ്ടി ആളുകളെ സജ്ജരാക്കുന്നു. പ്രത്യേക രീതിയിലുള്ള ആള്‍ക്കൂട്ടത്തെ സജ്ജരാക്കുന്നു. പ്രത്യേക പദ്ധതയുമായി മുന്നോട്ട് പോവുന്നു. എന്തിന് വേണ്ടിയാണിത് ? പദ്ധതി നിര്‍ത്തിവെക്കണമെന്ന അഭിപ്രായം ഈ പ്രദേശത്തുണ്ടോ ? തിരുവനന്തപുരം ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എല്ലാ സംഘടനകളും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആക്രമണത്തെ അപലപിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഭാഗത്തുനിന്നും അക്രമണം ഉണ്ടാവില്ല എന്ന് സമര സമിതിക്കാര്‍ പറഞ്ഞു. ഇവിടെ ആക്രമണം നടന്നിരിക്കുന്നു എന്ന് അവര്‍ സമ്മതിക്കുകയാണ്.
എല്ലാവരും പറയുന്നത് പദ്ധതി ആവശ്യമാണ് എന്നാണ്. ഇത് കേവലം സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള ശ്രമമാണ്. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളൂ. ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട. നാഷണല്‍ ഹൈവേക്കും ഗെയില്‍ പൈപ്പ് ലൈനും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേക്കും സംഭവിച്ചതും തന്നെ വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിക്കും. അതിന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: kerala cm pinarayi vijayan on vizhinjam attacks, vizhinjam port
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..