തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും കൂടി വരുന്നത് നാം ആര്‍ജിച്ച സംസ്‌കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്താണ്. 

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.പെണ്‍കുട്ടിക്ക് എന്താണ്, എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പന ചരക്കാക്കി മാറ്റുകയാണ്.

വിവാഹത്തേയും കുടുംബജീവിതത്തേയും വ്യാപാര കരാറായി തരംതാഴ്ത്തരുത്. വിവാഹവുമായി ബന്ധപ്പെട്ട സ്ത്രീധനക്കാര്യം വീടിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ വളരുന്ന കുട്ടികളിലും സ്വാധീനം ചെലുത്തും. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിര-മാനസിക പീഡനങ്ങള്‍ സഹിച്ച് കഴിയേണ്ടരാണ് സ്ത്രീകള്‍ എന്ന ചിന്ത പെണ്‍കുട്ടികളിലും ഉണ്ടാക്കിക്കൊടുക്കരുത്. ആധിപത്യമല്ല, സഹവര്‍തിത്വമാണ് ആവശ്യം. ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. അതിനാവശ്യമായ കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവര്‍ക്ക്aparajitha.pol@kerala.gov.inഎന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. 

ഈ  സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 നാളെ നിലവില്‍ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 9497900999, 9497900286.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.