കോഴിക്കോട്: വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് നേട്ടം. മലപ്പുറം തവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു.. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ 467 വോട്ടുകള്‍ക്ക് എല്‍ഡിഫിലെ പി.പി.അബ്ദുള്‍ നാസറാണ് തോല്‍പ്പിച്ചത്‌. മലപ്പുറം വെട്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 61 വോട്ടിന് ജയിച്ചു.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു.യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുള്‍റഷീദിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1138 വോട്ടുകളില്‍ അബ്ദുള്‍ റഷീദിന് 360-ഉം പൂക്കോത്ത് സിറാജിന്  742 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.കെ.ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.സിറാജിന് 31-ഉം വോട്ടുകള്‍ ലഭിച്ചു.

യു.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ടൗണ്‍ വാര്‍ഡ് കഴിഞ്ഞ തവണയാണ് പൂക്കോത്ത് സിറാജിനെ നിര്‍ത്തി എല്‍.ഡി.എഫ് പിടിച്ചത്.എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫില്‍ നിന്ന് രാജിവെച്ച് മുസ്ലീം ലീഗില്‍  ചേര്‍ന്ന സിറാജ് പഞ്ചായത്തംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ആര്‍.അജിത കുമാരി 110 വോട്ടിന് വിജയിച്ചു. സിപിഎമ്മില്‍ നിന്നാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്.UDF

കൊടുവള്ളി നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു. മുസ്ലിം ലീഗിന്റെ സെറീന റഫീഖ് 97 വോട്ടുകള്‍ക്കാണ് ജയിച്ചത്.  കോട്ടയം മൂത്തോലി പഞ്ചായത്ത് 13-ാം വാര്‍ഡിലും യുഡിഎഫിനാണ് ജയം. കോണ്‍ഗ്രസിലെ അഡ്വ.ജിസ്‌മോള്‍ തോമസ് 147 വോട്ടിന് ജയിച്ചു.

പാലക്കാട് കുലുക്കല്ലൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ രാജന്‍ പുതനായിലാണ് 210 വോട്ടിന് ജയിച്ചത്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്ത് അണ്ടൂര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് ബിയിലെ പി.വി.രമാ മണിയമ്മ 118 വോട്ടിനാണ് ഇവിടെ ജയിച്ചത്.

പത്തനംതിട്ട തണ്ണിത്തോട്‌ പഞ്ചായത്ത് മണ്ണറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിജോ തോമസ് ജയിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനില്‍ മുസ്ലിം ലീഗിലെ പി.സി.മമ്മുട്ടി 904 വോട്ടുകള്‍ക്ക് വിജയിച്ചു. ആലപ്പുഴ തകഴിയില്‍ എല്‍ഡിഎഫിലെ കെ.സുഷമയും എഴുപുന്നയില്‍ എല്‍ഡിഎഫിലെ തന്നെ ആര്‍.ജീവനും വിജയിച്ചു. തൃശൂര്‍ ചാഴൂര്‍ 17-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ദീപാ വസന്തന്‍ 288 വോട്ടിന് വിജയിച്ചു.

കാസര്‍കോട് തിരുനെല്ലി പഞ്ചായത്തിലെ അപ്പാപ്പാറയില്‍ 2-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി സുരേഷ് ബാബു 190 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ജയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുക്കര ഡിവിഷനില്‍ എല്‍ഡിഎഫിലെ പി.ഓമന ജയിച്ചു.

എറണാകുളം രാമമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ എന്‍.ആര്‍.ശ്രീനിവാസന്‍ ജയിച്ചു.