പ്രതീകാത്മക ചിത്രം | ഫോട്ടോ: ബി മുരളീകൃഷ്ണൻ
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വന്നു. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീര്‍ഥാടകരൊഴികെ മറ്റുള്ളവര്‍ രാത്രി പുറത്തിറങ്ങിയാല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. അനാവശ്യ യാത്രകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.
പകല്‍ സമയങ്ങളില്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. രാത്രികാല കര്‍ഫ്യു നിലവില്‍ വന്നതിനാല്‍ പത്ത് മണിക്ക് ശേഷം പൊതുയിടങ്ങളില്‍ കൂടിച്ചേരലുകളും വിലക്കുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം. ജനുവരി രണ്ടു വരെ നിയന്ത്രണങ്ങള്‍ തുടരും.
കൊച്ചിന് കാര്‍ണിവലിന് മുടക്കം വരാതിരിക്കാന്‍ കയാക്കിങ് പോലുള്ള ചെറിയ പരിപാടികള്‍ മാത്രമാണ് ഇക്കുറി സംഘടിപ്പിച്ചത്. വിപുലമായ ആഘോഷങ്ങളടക്കം ഒഴിവാക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സാധാരണയായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക്. എന്നാല്‍ ഇത്തവണ വിദേശ വിനോദ സഞ്ചാരികളും വരവും ഗണ്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്.
രാത്രി 10 മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്കടക്കം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഡി.ജെ. പാര്‍ട്ടികളടക്കമുള്ളവയ്ക്ക് കര്‍ശനമായ നിയന്ത്രണമുണ്ടാകും. ലഹരി മരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടോയെന്ന് കര്‍ശന പരിശോധനകളുണ്ടാകും. എക്സൈസ്, പോലീസ്, എന്‍.സി.ബി. സംഘങ്ങള്‍ നിരീക്ഷണം നടത്തും.
31-മുതല്‍ കോഴിക്കോട് ബീച്ചിലേക്ക് വൈകീട്ട് 5 മണി മുതല്‍ കര്‍ശനമായ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാതൊരു വാഹനവും കടത്തിവിടില്ല. നിര്‍ദേശങ്ങളില്‍ ലംഘനമുണ്ടായാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.
Content Highlights: Kerala Night Curfew: Kerala to celebrate New Year carefully as Omicron Poses threat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..