കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി). സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നുവെന്നും കെസിബിബിസി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍നിര്‍ത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരം അതിരുകടക്കുന്നതും സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ അടക്കമുള്ളവ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല. പോലീസിന്റെ അന്വേഷണം നീതപൂര്‍വമായി നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാവരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആരോപണത്തില്‍ നിഷ്പക്ഷമായി അന്വേഷണം നടക്കാന്‍ ബിഷപ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ആരോപണം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞു.

Content Highlights: kerala catholic bishop council, nuns protest, jalandhar bishop