കൊച്ചി:കേരളത്തില്‍ നിന്ന് പോയ നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകള്‍ ഉത്തരേന്ത്യയില്‍ കുടങ്ങുക്കിടക്കുന്നു. ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് പോയ ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ വാടകയ്‌ക്കെടുത്ത ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. 

കോവിഡ് കാലം മുതലാണ് അതിഥിതൊഴിലാളികള്‍ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുത്ത് നാടുകളിലേക്ക് മടങ്ങാന്‍ ആരംഭിച്ചത്. ഒരാളില്‍ നിന്ന് അയ്യായിരം- ആറായിരം രൂപയാണ് ഈടാക്കിയിരുന്നത്. ബംഗാള്‍, അസം ഭാഗങ്ങളിലേക്കാണ് ബസുകള്‍ പോയിരുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ളവരെ തിരിച്ചും എത്തിക്കും. ഏജന്റുമാര്‍ മുഖേനയാണ് എല്ലാ പണമിടപാടുകളും. ഇത്തരത്തില്‍ ഫെബ്രുവരി 25ന്‌ ബംഗാള്‍, അസം എന്നിവിടങ്ങളിലേക്ക് പോയ ബസുകളാണ് തിരിച്ചുപോരാന്‍ പണമില്ലാതെ കുടുങ്ങിക്കിടക്കുന്നത്. കൂടുതല്‍ ബസുകളും പോയിരിക്കുന്നത് പെരുമ്പാവൂരില്‍ നിന്നാണ്.  

ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ കേരളത്തിലേക്ക് മടങ്ങൂവെന്നാണ് തൊഴിലാളികളുടെ നിലപാട്. തിരിച്ചുവരാന്‍ ആളില്ലാതായതോടെ ഏജന്റുമാരും കയ്യൊഴിഞ്ഞു. ഇതോടെ ഡീസലടിക്കാന്‍ പോലും പണമില്ലാതെ ബസ് ജീവനക്കാര്‍ വലഞ്ഞിരിക്കുകയാണ്. സംഘടനകളുടെ സഹായത്തോടെ ചുരുക്കം ചില ബസുകള്‍ അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്.

Content Highlight: kerala Buses stranded in Northern India