എംവി ഗോവിന്ദൻ , മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു
കൊച്ചി: സംസ്ഥാന ബജറ്റിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ച നടത്തി. ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
കേന്ദ്രം കേരളത്തെ വീര്‍പ്പുമുട്ടിക്കുന്നു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കേന്ദ്രം നല്‍കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റില്‍ സിപിഎമ്മിനുള്ളില്‍ തന്നെ വ്യത്യസ്താഭിപ്രായം ഉള്ളതായും സൂചനയുണ്ട്. ബജറ്റില്‍ പ്രതിപക്ഷം മന്ത്രിമാര്‍ക്കെതിരേ കരിങ്കൊടി കാണിക്കലുള്‍പ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.
ബജറ്റിനെതിരേ പ്രതിഷേധവുമായി സംസ്ഥാനത്ത് പലയിടത്തും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. പലഭാഗത്തും മന്ത്രിമാരെ വഴിതടഞ്ഞു. കൊച്ചി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നു. കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
'ബജറ്റ് തീരുമാനങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ല. തീരുമാനം പിന്‍വലിക്കുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരും. നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചാല്‍ അതിനുമുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും. തിങ്കളാഴ്ച നിയമസഭയിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കോപ്പി ക്യാറ്റ് ആണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍', എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
ഇന്ധനവിലയിലടക്കമുള്ള വര്‍ധനവ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളില്‍ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Content Highlights: kerala budget 2023: youth congress state wide protest in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..