തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ അത് റദ്ദാക്കി പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഗുരുതര വീഴ്ചയാണ് തോമസ് ഐസക്കിന് സംഭവിച്ചത്. അദ്ദേഹം രാജിവെക്കണം' - വിഷയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബജറ്റിന്റെ ഹൈലൈറ്റ് മാത്രമാണ് പുറത്തായതെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാല്‍, ഹൈലൈറ്റ് പുറത്തായതോടെ ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ അത് ഒരുപിടി പേപ്പറുകള്‍ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.  

ധനമന്ത്രി രാജിവെയ്ക്കുന്നതാണ് ജനാധിപത്യ മര്യാദ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തെ സര്‍ക്കാര്‍ നിസാരവത്കരിക്കുന്നത് ശരിയല്ല. ഇത് ഗുരുരതമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ സമ്പൂര്‍ണ ബജറ്റായിരുന്നു ഇത്തവണത്തേത്. അതിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് എങ്ങനെ കാര്യക്ഷമമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു. വിഷയം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. സ്പീക്കറെക്കണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1957ല്‍ സമാന സംഭവമുണ്ടായപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച രണ്ട് പത്രപ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചതായി എം.കെ മുനീര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. അത്രയും ഗൗരവകരമായ കാര്യം ചെയ്ത ധനമന്ത്രിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും മുനീര്‍ പറഞ്ഞു.