തിരുവനന്തപുരം: നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്കാരമാണെന്ന എം.ടി വാസുദേവന്‍ നായരുടെ പരാമര്‍ശത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. നോട്ട് നിരോധനവും എംടിയുടെ സാഹിത്യലോകവും അദ്ദേഹത്തിന്‍റെ ബജറ്റ് പ്രസംഗത്തിലുടനീളം ഇടയ്ക്കിടെ കടന്നുവന്നുകൊണ്ടിരുന്നു. 

വരള്‍ച്ച പ്രകൃതി ദുരന്തമാണെങ്കില്‍ നോട്ട് നിരോധനം മനുഷ്യനിര്‍മിത ദുരന്തമാണെന്ന് തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഫലമായി ജനങ്ങളുടെ കൈയ്യില്‍ പണമില്ലാതായി. ഇത് നിക്ഷേപം കുറയാനിടയാക്കി. ഇത് കേരളത്തിന്റെ ഇപ്പോഴത്തെ മോശം സാമ്പത്തിക സ്ഥിതിയ്ക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ്.

നോട്ടു നിരോധനം കയറ്റുമതിലുണ്ടായ കുറവും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 2011-12 കാലയളവില്‍ 24.5 ശമാനമായിരുന്ന കയറ്റുമതി ഇപ്പോള്‍ 18.8 ശതമാനമായി കുറഞ്ഞു. സാമ്പത്തിക മുരടിപ്പിന് ഇതും കാരമായി. കേരളത്തിലെ സാമ്പത്തിക മുരടിപ്പ് മറികടക്കുന്ന ബജറ്റ് എന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. 

നോട്ട് നിരോധനത്തെക്കുറിച്ച് വലിയ ആഖ്യാനമാണ് പ്രധാനമന്ത്രി നടത്തിയത്. കള്ളപ്പണത്തിനെ എതിരായ നീക്കമായും ദീര്‍ഘകാല നേട്ടം നല്‍കുന്ന സാമ്പത്തിക പരിഷ്‌കരണമായുമാണ് നോട്ട് നിരോധനം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യ ഒട്ടാകെ മാന്ദ്യം അനുഭവിക്കുന്ന കാലത്ത് കേന്ദ്ര ബജറ്റില്‍ ചിലവുചുരുക്കലിന്റെ യുക്ത്യാഭാസത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. നോട്ട് നിരോധന കാലത്ത് ധന കമ്മി 3.2 ആയി ഒതുക്കിയിരിക്കുകയാണ് കേന്ദ്രം. 

നോട്ട് നിരോധനം തെല്ലു പോലും ബാധിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ മതിപ്പു കണക്കിലെ നിഗമനം. ഇത് വിസ്മയമാണുണ്ടാക്കുന്നത്. രാജ്യത്തെ വ്യാപാര സ്ഥംഭനം ഒരു യാഥാര്‍ഥ്യമാണ്. ഹാവാര്‍ഡിനു മേല്‍ ആരോ ഹാര്‍ഡ്വര്‍ക്ക് നടത്തിയിട്ടുണ്ട്. രാജ്യം അനുഭവിക്കുന്ന യഥാര്‍ത്ഥ്യം കാലം തെളിയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.