തിരുവനന്തപുരം: പാലാ ബിഷപ്പ് തുടങ്ങിവെച്ച ജിഹാദ് വിഷയം, ശബരിമല വിഷയം പോലെ മുന്നില്‍നിന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് സംസ്ഥാന ബി.ജെ.പിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ആരോപണം ബി.ജെ.പിയുടെ അജണ്ടയാണെന്ന രീതിയിലുള്ള വരുത്തിത്തീര്‍ക്കലിന് വഴി തുറക്കാതിരിക്കാന്‍, പിന്തുണ മതിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി കോര്‍ ടീം അംഗങ്ങള്‍ മാത്രം ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയാല്‍ മതിയെന്നും അമിത ആവേശം ഇക്കാര്യത്തില്‍ വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. 

ശബരിമല വിഷയം ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ ആയിരുന്നു സംഘപരിവാര്‍ മുന്നില്‍നിന്ന് നയിച്ചത്. എന്നാല്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ലൗ ജിഹാദിന്റെ ഒരുപടി കൂടി കടന്ന പാലാ ബിഷപ്പ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം കൊണ്ടുവന്നെങ്കിലും ബി.ജെ.പി. പ്രചാരണം നയിക്കില്ല. 

ജിഹാദ് ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ കിട്ടിയ അവസരമാണെന്ന് കരുതുമ്പോഴും മുന്നില്‍നിന്ന് നയിക്കാനുള്ള അനുകൂല സാഹചര്യമല്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഇപ്പോള്‍ മുന്നിട്ടിറങ്ങിയാല്‍ ബിഷപ്പ് ഉന്നയിച്ച വിഷയത്തിനു പിന്നില്‍ ബി.ജെ.പി. ആണെന്ന രാഷ്ട്രീയ ആരോപണം ഉയരും. അതിനാല്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന് പാര്‍ട്ടി നേതൃത്വം നേരിട്ടുള്ള പിന്തുണ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതുകൊണ്ടു തന്നെ വിവാദ പരാമര്‍ശം സമുദായങ്ങളിലുണ്ടാക്കിയ അസ്വാരസ്യം പരിഹരിക്കാനും ബി.ജെ.പി. മുന്നിട്ടിറങ്ങില്ല. 

ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനാണ് നിയമനിര്‍മാണത്തിലൂടെ ജിഹാദ് പ്രശ്‌നം പരിഹരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി അംഗങ്ങള്‍ മാത്രം പരസ്യമായി നിലപാട് വിശദീകരിച്ചാല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം തീവ്രനിലപാട് വേണ്ട. ലൗ ജിഹാദ് വിഷയത്തില്‍ അനുകൂല നിലപാടുള്ള ചില ക്രൈസ്തവ സഭാ പുരോഹിതരുമായയി തിരഞ്ഞെടുപ്പിന് മുന്‍പേ ആര്‍.എസ്.എസ്. ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യത്തില്‍ ഈ ആശയവിനിമയം തുടരാനുള്ള നടപടികള്‍ ഒരുവശത്ത് നടക്കുകയാണ്.

content highlights: kerala bjp gets directions from national leadership over pala bishop narcotic jihad remark