തിരിച്ചെത്തിയപ്പോൾ എന്റെ മോളെ മാത്രം കാണാനില്ല, അവൾ പോയി; മകളുടെ ഫോട്ടോ ചുണ്ടോട് ചേർത്ത് അജയകുമാർ


"എന്റെ മക്കൾക്ക് വേണ്ടിയാണ് ഞാൻ ഈ വീട് വെച്ചത്. ഇതിനായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നേ വീട് വിറ്റ് കടം തീർത്ത് എന്റെ അച്ഛനേയും അമ്മയേയും ഭാര്യയേയും മക്കളേയും കൊണ്ട് ഇവിടുന്ന് പോയേനെ. അജയകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മകളുടെ മരണവാർത്തയറിഞ്ഞ് വിലപിക്കുന്ന അമ്മ ശാലിനിയും ബന്ധുക്കളും, ഫോട്ടോ ചേർത്ത് പിടിച്ച് പിതാവ് | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ, Screengrab/ Mathrubhumi news

ശൂരനാട് തെക്ക്/ കൊല്ലം: ജപ്തി ബോർഡ്‌ കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോർഡ്‌ എടുത്തുമാറ്റാൻ അവൾ അച്ഛൻ അജയകുമാറിനോട് പറഞ്ഞു. സർക്കാർ പതിച്ച ബോർഡല്ലേ, മാറ്റിയാൽ പ്രശ്നമായാലോ എന്നായിരുന്നു അച്ഛന്റെ മറുപടി. 'എങ്കിൽ പപ്പാ, ഒരു തുണികൊണ്ട് ആ ബോർഡ് ഒന്ന് മറയ്ക്കാമോ...' എന്നായി മകൾ. അച്ഛനും അമ്മയുംകൂടി ബാങ്കിൽ പോയി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു.

"എന്റെ മക്കൾക്ക് വേണ്ടിയാണ് ഞാൻ ഈ വീട് വെച്ചത്. ഇതിനായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നേ വീട് വിറ്റ് കടം തീർത്ത് എന്റെ അച്ഛനേയും അമ്മയേയും ഭാര്യയേയും മക്കളേയും കൊണ്ട് ഇവിടുന്ന് പോയേനെ. അജയകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

"വീടിന്റെ മുമ്പിൽ ബോർഡ് വെച്ചത് മകളെ വല്ലാത്ത വിഷമത്തിലാക്കിയിരുന്നു. അതിന് ശേഷം ഇക്കാര്യം സംസാരിക്കാൻ വേണ്ടി ഞാൻ ഭാര്യയ്ക്കൊപ്പം ബാങ്കിൽ പോയി. മൊബൈൽ മറന്ന് വെച്ചത് കൊണ്ട് ഭാര്യയെ ബാങ്കിലാക്കി തിരിച്ച് വീട്ടിലെത്തിയപ്പോൾ മുറ്റത്ത് വലിയ ആൾക്കൂട്ടം കണ്ടു. സുഖമില്ലാത്ത അച്ഛൻ മരിച്ചതാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ എല്ലാവരും പുറത്തുണ്ടായിരുന്നു. എന്റെ മോൾ മാത്രം ഇല്ല. എല്ലായിടത്തും തിരക്കി, എന്നാൽ മോളെ മാത്രം കാണുന്നില്ല. എന്റെ പൊന്നുമോളെ മാത്രം കാണുന്നില്ല, ബാക്കിയെല്ലാവരും ഉണ്ട്.... എന്റെ മോള് പോയി" അഭിരാമിയുടെ ഫോട്ടോ ചുണ്ടോട് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് പറഞ്ഞു.

"ബാങ്കിൽ പോയപ്പോൾ മാനേജർ ഇല്ല എന്ന് പറഞ്ഞു. ഗൾഫിൽ നിന്ന് വന്നതിന് ശേഷം ബാങ്കിൽ പോയി പറഞ്ഞതാണ്, എല്ലാം വൈകാതെ തന്നെ അടക്കാം എന്ന്. ബോർഡ് കണ്ട് മകൾ പറഞ്ഞു, അച്ഛാ അത് ഇളക്കിക്കള എന്ന്. സുഖമില്ലാത്ത എന്റെ അച്ഛനെ കാണാൻ ആരെങ്കിലും വരുമ്പോൾ നാണക്കേടുണ്ടാക്കും എന്ന്. എന്നാൽ ഞാൻ പറഞ്ഞു, സർക്കാരിന്റെ കാര്യമല്ലേ ഇളക്കിക്കളയണ്ട എന്ന്. പപ്പാ ചാക്കെങ്കിലും എടുത്ത് മുകളിൽ ഇട് എന്ന് മകൾ പറഞ്ഞു. ബാങ്കിൽ സംസാരിച്ച് തീർക്കാമെന്ന് വിചാരിച്ച് പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ എന്റെ മോളെ മാത്രം കാണാനില്ല. ഞാൻ എന്ത് ചെയ്യണം?" കണ്ണീരോടെ പിതാവ് ചോദിക്കുമ്പോൾ കണ്ടു നിൽക്കുന്നവരും വിതുമ്പി.

അച്ഛനും അമ്മയും ബാങ്കിൽ പോയതിനുപിന്നാലെയാണ് അഭിരാമി മുറിയിൽക്കയറി കതകടച്ചത്. അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ ശാന്തമ്മ ഉച്ചത്തിൽ വിളിച്ചുകരഞ്ഞു. അയൽവാസി ഷാജിഷാ മൻസിലിൽ ഷാജിയടക്കം ഒട്ടേറെപ്പേർ ഓടിയെത്തി. ഒടുവിൽ ഷാജി കതക് ചവിട്ടിത്തുറന്നു. ജന്നൽക്കമ്പിയിൽ ചുരിദാർ ഷാളിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. അറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ നഷ്ടമായിരുന്നു.

• അഭിരാമിയുടെ മരണവാർത്തയറിഞ്ഞ് വിലപിക്കുന്ന അച്ഛൻ അജികുമാർ

എന്റെ കിങ്ങിണിമോളെ താ...

:സ്വന്തം വീട്ടിൽനിന്നു മാത്രമല്ല, അയൽപക്കത്തെ വീട്ടിൽനിന്നുയരുന്ന കരച്ചിലിലും മുഴങ്ങുന്നത് ഒരേ സ്വരം. എന്റെ മോളെ താ... ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് ആത്മഹത്യചെയ്ത അഭിരാമിയുടെ വീടും പരിസരവും ചൊവ്വാഴ്ച രാത്രി ദുഃഖഭാരത്താൽ വിറങ്ങലിച്ചു. അവൾ അവരുടെയെല്ലാം കിങ്ങിണിയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവൾ.

“കണ്ടില്ലേ, അടുത്ത വീട്ടിലെ മുറിയിൽനിന്ന്‌ കരച്ചിൽ ഉയരുന്നത്.” അയൽവാസിയായ പ്രസന്നൻ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ വരാന്തയിലിരുന്ന്‌ ഒരു വയോധികൻ നെഞ്ചത്തടിച്ച് എന്തൊക്കെയോ പറഞ്ഞുകരയുന്നു. പൊന്നുണ്ണീ എന്നു വിളിച്ചാണയാൾ കരയുന്നത്. തൊട്ടയൽവാസിയായ ഷംസുദ്ദീൻ. അദ്ദേഹത്തിന് പെൺമക്കളില്ല. കിങ്ങിണിയെ കുഞ്ഞുന്നാൾമുതലേ എടുത്തുവളർത്തിയ കൂട്ടത്തിലാണ്. ആ വീട്ടിലെ അംഗങ്ങളെല്ലാം അകത്ത് കരഞ്ഞുതളർന്ന അമ്മ ശാലിനിക്ക് ചുറ്റുമുണ്ട്. ഫോണിൽ ആരോടൊക്കെയോ സങ്കടംപറഞ്ഞ് ആശ്വാസം കണ്ടെത്തുന്നവർ.

കട്ടിലിൽക്കിടന്ന് എന്റെ മോളെ തായോ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു കരയുന്ന അമ്മൂമ്മ ശാന്ത. പുറത്തെ മുറിയിൽ അപ്പൂപ്പൻ ശശിധരൻ ആചാരിയുടെ നെഞ്ചും പുറവും തടവിക്കൊണ്ടിരിക്കുകയാണ് അയൽവാസി. അച്ഛൻ അജികുമാർ കോലായിൽ തളർന്നിരിക്കുകയാണ്. ഒരു ജപ്തി ബോർഡ് ഉയർത്തിയ അപമാനത്തിന്റെയും അത് ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു നാടിനെയാകെ സങ്കടക്കടലിൽ ആഴ്ത്തിയതിന്റെയും ചിത്രം. ജാതിമതഭേദമില്ലാതെ എല്ലാവരും വളരെ സഹകരണത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ജപ്തി ബോർഡ് തൂക്കാൻ വന്ന ഉദ്യോഗസ്ഥരോട് അയൽവാസികൾതന്നെ വിവരിച്ചതാണ്, ആ വീട്ടിലെ സാഹചര്യങ്ങളെല്ലാം.

• അഭിരാമിയുടെ വീട്ടിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫ് അന്വേഷണത്തിന് എത്തിയപ്പോൾ

കോവിഡാണ് എല്ലാം താറുമാറാക്കിയത്

:“കോവിഡ് വന്നതാണ് ഞങ്ങളുടെയെല്ലാം ജീവിതം ഇങ്ങനെ കടക്കെണിയിലാക്കിയത്.” നാട്ടുകാരും അയൽവാസികളും പറയുന്നുണ്ടായിരുന്നു അത്. എല്ലാവർക്കും കടമുണ്ട്. കുറേശ്ശെ വീട്ടിക്കൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു എല്ലാവരും. എന്നാൽ അതിങ്ങനെ കൂടിക്കൂടി ജപ്തിയിലെത്തി എന്നതാണ് ബാക്കിപത്രം-അയൽവാസിയും സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗവുമായ സജീവ് പറഞ്ഞു. ഈ വീട്ടിലാണെങ്കിൽ മോളൊഴികെ എല്ലാവർക്കും ഓരോ അസുഖവും അപകടവുമൊക്കെയായി കടഭാരം കൂടി. ശശിധരൻ ആചാരി നല്ലൊരു ക്ഷീരകർഷകനായിരുന്നു. എന്നാൽ പാൽകൊടുത്തു വരുംവഴി അപകടത്തിൽപ്പെട്ട് കിടപ്പിലായി. അമ്മ ശാലിനിക്കും തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്നമുണ്ടായി ചികിത്സിക്കേണ്ടിവന്നു.

പഠിക്കാൻ മിടുക്കി; അയൽവാസികൾക്ക് പ്രിയപ്പെട്ടവൾ

അഭിരാമി

കൊല്ലം: പഠിക്കാൻ മിടുക്കിയായിരുന്നു, നല്ലസ്വഭാവം, അഭിരാമിയെക്കുറിച്ചു പറഞ്ഞ് അയൽവാസികൾ കരയുന്നു. പതാരം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ കംപ്യൂട്ടർ സയൻസ് ബിരുദത്തിന് ചേർന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജിൽ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാത്രി വീട്ടിൽ വന്നതാണ്.

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ ജപ്തിനോട്ടീസ്‌ കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാൽ നാണക്കേടാകുമെന്നത് കുട്ടിയെ വല്ലാതെ ഉലച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Kerala Bank serves attachment notice, Kollam student takes life - update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented