തൃശൂര്‍: കേരളാ ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. മെയ് മാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ 1700-ലധികം വായ്പകള്‍ കിട്ടാക്കടമായും 500-ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലുള്ളവയാണെന്നും കേരളാ ബാങ്ക് കണ്ടെത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കിന്റെ കുടിശ്ശിക ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും കേരളാ ബാങ്ക് അറിയിച്ചു. 

2020 മാര്‍ച്ചില്‍ മുപ്പത് കോടി രൂപ കേരളാ ബാങ്കില്‍ നിന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കേരളാ ബാങ്ക് ഇവിടെ പരിശോധന നടത്തിയത്. ഗുരുതരമായ ക്രമക്കേടുകളാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. 1700-ലധികം വായ്പകളാണ് കിട്ടാക്കടമായി എഴുതിത്തള്ളിയിരിക്കുന്നത്. ഇതില്‍ 500-ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

സഹകരണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പല വായ്പകളും നല്‍കിയിരിക്കുന്നത്. മൂല്യം തീരെ കുറവുള്ള വസ്തുവിന് പോലും അമിത തുകയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും കേരളാ ബാങ്കിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മെയ് മാസം സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല. 

കരുവന്നൂര്‍ ബാങ്കിന്റെ സാമ്പത്തിക കുടിശ്ശിക ഏറ്റെടുക്കാന്‍ ബാധ്യതയില്ലെന്നും കേരളാ ബാങ്ക് അറിയിച്ചു. തൃശൂരില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കേരളാ ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം. 

Content Highlights: Kerala bank finds more details on karuvannur service cooperative bank scam