ദേശീയ പൗരത്വ രജിസ്റ്ററിനെ പറ്റിയുള്ള ആശങ്കകള്‍ ദുരീകരിക്കും വരെ സംസ്ഥാനത്ത് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന അടിയന്തരപ്രമേയത്തിന് അവരണാനുമതി തേടിയ മുസ്ലീം ലീഗിലെ കെ.എം.ഷാജി ഇന്ന് കണി കണ്ടതാരെയെന്ന് അറിയില്ല. മുഖ്യമന്ത്രിയുടേത് അടക്കം  ഭരണപക്ഷത്തുനിന്ന് കെ.എം.ഷാജി കേട്ട പഴി ചെറുതല്ല. മമതാ ബാനര്‍ജിയെ പ്രകീര്‍ത്തിച്ചപ്പോല്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കേണ്ടതായും വന്നു. ഷാജിയുടെ നോട്ടീസ് സ്പീക്കര്‍ വായിച്ചയുടനെ പാര്‍ലമെന്ററി- നിയമകാര്യ മന്ത്രി എ.കെ.ബാലന്‍ ക്രമപ്രശ്നവുമായി എണീറ്റു. തിരഞ്ഞെടുപ്പു കേസില്‍ കോടതിവിധി പ്രകാരം കെ.എം.ഷാജിയ്ക്ക് സഭയില്‍ പങ്കെടുക്കാമെങ്കിലും വോട്ടവകാശമില്ല. വോട്ടവകാശമില്ലാത്ത ഒരംഗം വോട്ടിനിടുന്ന പ്രമേയം അവതരിപ്പിക്കുന്നത് ക്രമത്തിലാണോ എന്നായി മന്ത്രി എ.കെ. ബാലന്‍. 

മന്ത്രിയെ അനുകൂലിച്ച് എസ്.ശര്‍മ്മ, സുരേഷ് കുറുപ്പ് എന്നിവരും കെ.എം.ഷാജിയെ അനുകൂലിച്ച് വി.ഡി.സതീശനും കെ.സി.ജോസഫും പ്രതിപക്ഷനേതാവും രംഗത്തെത്തി. നിയമമന്ത്രി എ.കെ.ബാലന് നിയമത്തിന്റെ ബാലപാഠം അറിയില്ലെന്നും ലോ കോളേജില്‍ പഠിക്കാന്‍ പോയ അവസരത്തില്‍  ക്ലാസില്‍ കയറാതെ പോയതിന്റെ കുഴപ്പമാണെന്നും വരെ കെ.സി.ജോസഫ് പറഞ്ഞു. കെ.എം. ഷാജിക്ക് പ്രമേയാവതരണത്തിന് തടസമില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെ പ്രശ്നം അവസാനിച്ചു.

മന്ത്രി ബാലനെതിരെ നടത്തിയ ലോ കോളേജ് പരിഹാസം സ്പീക്കറുടെ നിര്‍ദേശപ്രകാരം കെ.സി.ജോസഫ് പിന്‍വലിച്ചു. തന്നെ പോലെ അയോഗ്യത നേരിട്ട് വോട്ടവകാശമില്ലാതെ ഭരണപക്ഷത്തിരിക്കുന്ന കൊടുവള്ളി എം.എല്‍.എ റസാഖ് കളത്തിലിനെതിരെ തങ്ങളെന്തായാലും അങ്ങനെയൊരു നിലപാട് എടുക്കില്ലെന്ന് പറഞ്ഞാണ് കെ.എം.ഷാജി. പ്രസംഗം തുടങ്ങിയത്. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് കേന്ദ്രം വിളിച്ച യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പോയി പങ്കെടുത്ത് വായ തുറക്കാതെ വന്നപ്പോള്‍ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണുങ്ങളേക്കാള്‍ ആണത്തമുള്ള മമത യോഗത്തില്‍ ആളയച്ചില്ലെന്ന് പറഞ്ഞതാണ് ഷാജിയ്ക്ക് പുലിവാലായത്. 

ക്രമപ്രശ്നവുമായി എം.സ്വരാജും മന്ത്രി കെ.കെ.ശൈലജയും എണീറ്റു. ആധുനികവും പരിഷ്‌കൃതവുമായ സമീപനത്തിലല്ല കെ.എം.ഷാജിയുടെ പ്രസ്താവനയെന്ന് എം.സ്വരാജ് ചൂണ്ടിക്കാട്ടി. പെണ്ണാണ് ഭരിക്കുന്നതെങ്കിലും എന്ന പ്രസ്താവനയ്ക്കെതിരെ കെ.കെ.ശൈലജയും എതിര്‍പ്പ് രേഖപ്പെടുത്തി. പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പമെന്നായി മന്ത്രി. ആണുങ്ങളേക്കാള്‍ ധൈര്യമുള്ള നേതാവാണ് മമതെയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പെണ്ണാണെങ്കിലും എന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും ഷാജി അറിയിച്ചതോടെ പ്രശ്നം തീര്‍ന്നു.

ദേശീയ പൗരത്വ നിയമത്തിനെതിരെ സമൂഹത്തിന്റെ ഒന്നാകെയുള്ള പ്രക്ഷോഭം നടക്കുമ്പോള്‍, പ്രസംഗത്തില്‍ ഞങ്ങള്‍ എന്ന് പറയുന്നത് എസ്.ഡി.പി.ഐ. ഭാഷയാണെന്ന വിമര്‍ശനവുമായി മന്ത്രി സുനില്‍കുമാറും എണീറ്റു. ഞങ്ങളെന്നല്ല നമ്മളെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നായി ഷാജി. സംസ്ഥാനത്തും വിവാദ എന്‍.പി.ആറിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടുവെന്നും തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രനിര്‍ദേശം അനുസരിച്ച് ആരെങ്കിലും കല്ലിട്ടാല്‍ ആ കല്ല് പിഴുത് കടലിലെറിയുമെന്നും ഷാജി ആവേശം കൊണ്ടു. ഇവിടാരും ഒന്നിനും കല്ലിട്ടിട്ടില്ലെന്നും ഇനി കെ.എം.ഷാജിക്ക് കല്ല് എടുത്തെറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒരു കല്ലും ചുമന്നുപോയി ഇതാണ് ആ കല്ല് എന്ന്  പറഞ്ഞ് എറിയാവുന്നതാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മുസ്ലീംലീഗിനെതിരായ കടുത്ത വിമര്‍ശനമൊഴിവാക്കിയ മുഖ്യമന്ത്രി പക്ഷെ, ഷാജിയെ വെറുതെ വിട്ടില്ല. നിയമസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണപക്ഷത്ത് നിന്നുള്ളവരുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ ചില രാഷ്ട്രീയ നീക്കങ്ങളുടെയോ രാഷ്ട്രീയമോഹങ്ങളുടെയോ സൂചന മനസ്സിലാക്കാം. സംസ്ഥാനത്ത് പൗരത്വനിയമത്തിനെതിരെ നടന്ന യോജിച്ച സമരത്തില്‍ ലീഗിനെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചത്. സമരത്തിന് ലീഗ് അനുകൂലമാണെന്നും എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ ലീഗ് ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണപക്ഷത്ത് നിന്ന് സംസാരിച്ചവരും ലീഗിനെ നോവിച്ചില്ല. ഷാജിയുടെ ആശങ്കകളും സംശയങ്ങളും വേറെ ചില അജണ്ടയുടെ ഭാഗമാണെന്ന് വരെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

യോജിച്ച സമരത്തിന് അനുകൂലമായി ലീഗില്‍ നിന്ന് സംസാരിച്ചവരുടെ വാക്കുകളില്‍നിന്ന് ഷാജിയുടെ വാക്കുകള്‍ക്ക് വ്യതാസമുണ്ടെന്നും ഷാജിയുടെ  നിലപാട് പണ്ടേ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ലീഗിലെ ചില  വൈരുദ്ധ്യങ്ങളിലേയ്ക്ക് കൂടിയാണ് മുഖ്യമന്ത്രി വിരല്‍ ചൂണ്ടിയത്. സംസ്ഥാനത്ത് എന്‍.പി.ആര്‍. ചോദ്യാവലി ഇല്ലാത്ത സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മാത്രമെ നടപ്പാക്കൂ എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയോട് അലന്‍-താഹ വിഷയത്തിലെ നിലപാട് മാറ്റം പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു.  അമിത് ഷായുടെ കാലു പിടിക്കണോയെന്ന് ചോദിച്ച മുഖ്യമന്ത്രി വൈകിട്ടായപ്പോള്‍ എന്‍.ഐ.എ.യില്‍ നിന്ന് കേസ് വിട്ടുകിട്ടാന്‍ അമിത് ഷായ്ക്ക് കത്തയയക്കുകയും ചെയ്തിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി കേന്ദ്രമന്ത്രിയ്ക്കല്ലാതെ പിന്നെ ആര്‍ക്കാണ് കത്തയയ്ക്കുക എന്ന് മുഖ്യമന്ത്രിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും.

content highlights: kerala assembly session review