
2015 കേരള നിയമസഭയിൽ നിന്നുള്ള ദൃശ്യം| ഫോട്ടോ: മാതൃഭൂമി
കൊച്ചി : നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം.
2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന് കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇവർക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ബുധനാഴ്ച എംഎല്‍എമാരും മന്ത്രിമാരും കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശവും വെച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്.
ഒപ്പം തന്നെ കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീലും നല്കി.
സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സർക്കാർ നല്കിയ അപ്പീല്‍ ഹര്‍ജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
content highlights: Kerala Assembly ruckus case, EP jayarajan and Jaleel must be presented infront of court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..