ഫയൽ ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നിയമസഭയില്‍ കൈയാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കംപ്യൂട്ടറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസില്‍ കയറിയതെന്ന് കേസിലെ പ്രതികള്‍. തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍, ബി. സത്യന് അടക്കം ഇരുപതോളം എംഎല്‍എമാരാണ് ഡയസില്‍ കയറിയതെന്ന് പ്രതികള്‍ പറഞ്ഞു. അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കേസിലെ പ്രതികള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിയമസഭ കൈയാങ്കളി കേസില്‍ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന് എന്നീ ആറ് പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നത്.
അതൊരു അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡായി വന്ന പോലീസുകാരാണ് അതിക്രമം കാണിച്ചതെന്നും പ്രതികള്‍ പറഞ്ഞു. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാര്‍ മാത്രമാണ് സാക്ഷികളായത്.
അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ യഥാര്‍ഥമല്ലെന്നും പ്രതികള്‍ വാദിച്ചു. ഇലക്ടോണിക് പാനല്‍ നശിപ്പിച്ചു എന്നതാണ് മന്ത്രി വി. ശിവന്‍കുട്ടിക്ക് എതിരേ ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഈ ഇലക്ട്രോണിക് പാനലിന് കേടുപാടില്ലെന്ന് കണ്ടെത്തിയെന്നും പിന്നെ എങ്ങനെയാണ് ശിവന്‍കുട്ടിക്ക് എതിരേ കേസ് ചാര്‍ജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ ചോദിച്ചു.
ഇതിനിടെ കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തു. നിയമപരമായി കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ നിയമസഭയില്‍ അതിക്രമം കാണിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രധാന വാദം. പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതാണ്. പ്രതികളുടെ പ്രവര്‍ത്തി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അഭിഭാഷകന് പറഞ്ഞു.
വിടുതല്‍ ഹര്‍ജിയില്‍ തിരുവന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് വാദം പൂര്‍ത്തിയായത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം ഏഴിന് പറയുമെന്ന് കോടതി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..