-
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ആദ്യമായി അധികാരത്തിലേറിയ സർക്കാരിനെ പിരിച്ചുവിട്ടതിലുള്ള ശാപമാണ് കോൺഗ്രസിനെ ഇപ്പോഴും വേട്ടയാടുന്നതെന്ന് സി.പി.ഐ. നേതാവ് മുല്ലക്കര രത്നാകരൻ. പ്രതിപക്ഷം ഇപ്പോൾ ഉയർത്തുന്ന വിവാദങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും വിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ആവശ്യമെന്ന് എ.കെ. ആന്റണി പോലും പറഞ്ഞിട്ടുണ്ടെന്നും അവിശ്വാസപ്രമേയത്തെ എതിർത്ത് സംസാരിക്കുന്നതിനിടെ മുല്ലക്കര രത്നാകരൻ പറഞ്ഞു.
പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങളിൽ അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നാണ് സർക്കാർ നയം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എൻ.ഐ.എയ്ക്ക് കത്തയക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തെക്കുറിച്ച് എൻ.ഐ.എ. ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. പ്രതികളുടെ ജാമ്യത്തെ എതിർത്ത് എൻ.ഐ.എ. നൽകിയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ ചർച്ച മുഴുവൻ നടക്കുന്നത്. എന്നാൽ കേരളത്തിൽ കഴിഞ്ഞ നാല് വർഷം സംഭവിച്ച വികസനകാര്യങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. യു.ഡി.എഫ്. കാലത്തെ തർക്കങ്ങളോ പ്രശ്നങ്ങളോ തത്‌കാലം ഇപ്പോൾ പറയുന്നില്ല,
കേരളത്തിൽ വീട് എന്ന് പറയുന്നത് ഒരു അന്തസ്സാണ്. കേരളത്തിലെ എല്ലാ സർക്കാരുകളും വീടുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയിൽ മാതൃകയാണ് കേരളം. കേരളത്തിലെ ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ മിഷനാണ് ലൈഫ് മിഷൻ. രണ്ടേകാൽ ലക്ഷത്തിലധികം വീടുകളാണ് എൽ.ഡി.എഫ്. സർക്കാർ നൽകിയത്. അതിനെക്കുറിച്ച് ആർക്കും ചർച്ചയില്ല. അതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയണം. പക്ഷേ, ചർച്ച മുഴുവൻ വടക്കഞ്ചേരി വിഷയത്തിലാണ്. ഇനി അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കണ്ടെത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ നയം.
കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് ലോകോത്തര നിലവാരത്തിൽ എത്തിനിൽക്കുന്നതാണ്. എല്ലാവരും പങ്കുചേർന്ന ഈ ദൗത്യത്തെ നയിച്ചത് എൽ.ഡി.എഫ്. സർക്കാരാണ്. മനുഷ്യസാധ്യമായ ചിലത് ചെയ്യുമ്പോൾ ചില പരിമിതികൾ കാണും. അത് പരിഹരിക്കണം.
ഏതെങ്കിലും ആനയെ കാണാതാകുമ്പോൾ ആനവാരി രാമൻനായർ അന്വേഷിക്കണമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ രീതി. എല്ലാത്തിലും സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഏത് ഏജൻസികളും അന്വേഷിക്കട്ടെ. ഏജൻസികളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രത്തിന് തന്നെ നൽകും. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളുടെ ഏതെങ്കിലും അന്വേഷണത്തിന് എതിരായി നിന്നിട്ടുണ്ടോ.അന്വേഷണം ഏത് രീതിയിലാകണമെന്ന് കേരളം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ- മുല്ലക്കര ചോദിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കുമ്പോളാണ് അത് തെറ്റാവുന്നതെന്നും തെറ്റ് ചെയ്തയാളെ സംരക്ഷിക്കാതിരിക്കുന്നതാണ് ഒരു ഭരണാധികാരി ചെയ്തുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരും പട്ടിണികിടക്കരുതെന്നാണ് സർക്കാരിന്റെ ആഗ്രഹം. അതിനാലാണ് കോവിഡ് കാലത്ത് പണമില്ലാതിരുന്നിട്ടും കിറ്റുകൾ നൽകിയത്. മഹാനഗരമായ മുംബൈയിലെ ധാരാവിക്ക് അഞ്ച് കിലോമീറ്റർ അപ്പുറത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ വീട്. ഒരിടത്ത് അഞ്ഞൂറേക്കറിൽ പത്ത് ലക്ഷം പേർ തിങ്ങിനിരങ്ങി താമസിക്കുമ്പോഴാണ് അപ്പുറത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വീടും സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിന്റെ ഇന്ത്യയല്ല. നെഹ്റു ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും ഒരിക്കലും അനുവദിക്കുമായിരുന്നില്ല- മുല്ലക്കര വിശദീകരിച്ചു.
പ്രസംഗത്തിനിടെ മഹാഭാരതത്തെക്കുറിച്ചും മുല്ലക്കര പരാമർശം നടത്തി. മഹാഭാരതത്തിലെ പാണ്ഡവരായ അഞ്ച് പേർക്കും ഒരു ഭാര്യയാണുണ്ടായിരുന്നത്- പാഞ്ചാലി. ഒരിക്കൽ അവരെ നാരദൻ വന്ന് കണ്ടപ്പോൾ ഒരുനിർദേശംവെച്ചു. ഓരോരുത്തരും ഓരോവർഷം പാഞ്ചാലിക്കൊപ്പം ജീവിക്കണം. പാഞ്ചാലിയുടെ മുറിക്ക് അകത്ത് അഞ്ചുപേരിൽ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾ മുറിക്ക് പുറത്ത് ചെരിപ്പ് വെയ്ക്കണമെന്നും നിർദേശിച്ചു. മറ്റുള്ളവർ അവരുടെ പ്രണയത്തെ തടസപ്പെടുത്താതിരിക്കാനായിരുന്നു ഇത്. ഒരിക്കൽ അർജുനൻ വില്ലെടുക്കാൻ വന്നപ്പോൾ പുറത്ത് ചെരിപ്പില്ല. പക്ഷേ, അകത്ത് യുധിഷ്ഠിരൻ ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചപ്പോൾ അർജുനൻ അന്വേഷിച്ചു ആരാണ് ചെരിപ്പ് എടുത്ത് മാറ്റിയതെന്ന്. ഒരു നായ ചെരിപ്പ് കടിച്ചുകൊണ്ടുപോയെന്ന് കണ്ടെത്തി. അർജുനൻ ആ നായയെ ശപിച്ചു. എല്ലാജീവികളും പ്രണയം നടത്തുമ്പോൾ ഒരു മറയുണ്ടാകും. പക്ഷേ, നിന്റെ പ്രണയം നാട്ടുകാരറിഞ്ഞ് നിന്നെ എറിഞ്ഞോടിക്കുമെന്നായിരുന്നു ശാപം. ഇങ്ങനെയൊരു ശാപം കോൺഗ്രസിനുമുണ്ട്. സുസ്ഥിരമായ സ്വസ്ഥതയുണ്ടാകില്ലെന്ന ശാപം. ജനാധിപത്യ വിരുദ്ധമായി ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടതിലൂടെയാണ് കോൺഗ്രസിന് ആ ശാപം ഏൽക്കേണ്ടിവന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാർ തുടർച്ചയായി ഭരിച്ചിട്ടുണ്ടോ. കരുണാകരൻ വന്നാൽ ആന്റണി വരും, ആന്റണി വന്നാൽ ഉമ്മൻചാണ്ടി വരും. ഇതാണ് കോൺഗ്രസിന്റെ സ്ഥിതി.
കേരളത്തിൽ ഒറ്റയ്ക്ക് ഭരിച്ച ഒറ്റ പാർട്ടിയേയുളളൂ. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 1957 ൽ അധികാരത്തിലെത്തിയ സർക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കി. സർക്കാരിനെ പുറത്താക്കാനുള്ള തീരുമാനം നെഹ്റു അന്ന് ഇഷ്ടം കൊണ്ട് ചെയ്തതല്ല. നെഹ്റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏക കറുത്തപാടും ഈ സംഭവമാണ്.
പ്രതിപക്ഷം ഇപ്പോൾ കാണിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സംവാദമാണ് വേണ്ടത് വിവാദങ്ങളല്ല. ഇത് മുഴുവൻ വിവാദങ്ങളാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് സർക്കാർ പറയുമ്പോൾ അത് പൂർത്തിയാക്കാനുള്ള സമയമെങ്കിലും അന്വേഷണ ഏജൻസികൾക്ക് നൽകണമെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.
Content Highlights:kerala assembly no confidence motion 2020 mullakkara ratnakaran speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..