കൊച്ചി: സി പി ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ '' വിനയശീലൻ' പരാമർശം പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമാണെന്ന് കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പ് ക്യാമ്പയിനിലുടനീളം ഉന്നയിച്ചതെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

എതിർ ചേരിയിലുള്ള രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശം ഉള്ളത്. പൊതുപ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരമായി ഇതിനെകാണുന്നു. കൂടാതെ ഉയർന്ന ഉത്തരവാദിത്തം കൂടിയാണിത്‌. എതിർസ്ഥാനാർഥിക്കെതിരേ വ്യക്തിപരമായി യാതൊരു പരാമർശവും നടത്തിയിട്ടില്ല. എന്റെ ക്യാമ്പയിനുകളിലും അത്തരം പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. പകരം രാഷ്ട്രീയ പ്രശ്നങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുകാട്ടി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി സി വിഷ്ണുനാഥിനെ വിനയശീലൻ എന്ന് പറഞ്ഞിരിക്കുന്നത്. മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണം അവരുടെ സ്വഭാവരീതിയാണെന്നും ഇത് സംബന്ധിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യുഡിഎഫ് സ്ഥാനാർത്ഥി ഇത് മുതലെടുത്തുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Highlights:Kerala Assembly Election 2021 CPI report PC Vishnunath as humble leader